ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ; തെളിവ് പുറത്തുവിട്ട് വി. കുഞ്ഞികൃഷ്ണൻ
കണ്ണൂർ: ധനരാജ് രക്തസാക്ഷി ഫണ്ടിലെ തിരിമറിയില്‍ തെളിവ് പുറത്ത് വിട്ട് വി. കുഞ്ഞികൃഷ്ണൻ. രക്തസാക്ഷി ഫണ്ട് ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ തെളിവാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടിരിക്കുന്നത്.2018 ജൂലൈ ഒമ്പതാം തിയതി പയ്യന്നൂർ റൂറല്‍ ബാങ്കിലെ പേഴ്സണല്‍ അക്കൗണ്ടിലേക്ക് അഞ്ച് ലക്ഷം രൂപ മാറ്റിയതിന്റെ രേഖകളാണ് പുറത്തുവിട്ടത്.
ഇത്തരത്തില്‍ ഫണ്ട് തട്ടിപ്പ് ഉയർന്ന സാഹചര്യത്തില്‍ അതിനെ പ്രതിരോധിക്കുന്ന നിലപാടാണ് സിപിഎം കണ്ണൂർ ജില്ല നേതൃത്വം സ്വീകരിച്ചത്. കോവിഡ് കാലത്തായിരുന്നത് കൊണ്ട് പണം കൈമാറുന്നതിന് പരിമിതികള്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയത് എന്നാണ് ജില്ല സെക്രട്ടറി പറഞ്ഞത്. ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണത്തിലേക്ക് എടുത്ത ഫണ്ട് തിരിച്ചെത്തിയിട്ടുണ്ടെന്നും അന്ന് ജില്ല സെക്രട്ടറി പറഞ്ഞു.
