Latestകണ്ണൂര്‍കേരളം

കണ്ണൂരിൽ വൻ ലഹരിവേട്ട; ബ്രൗൺ ഷുഗറുമായി യുവാവ് അറസ്റ്റിൽ

കണ്ണൂർ : നഗരത്തിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട. വില്പനയ്ക്കായി സൂക്ഷിച്ച മാരക ലഹരിമരുന്നായ ബ്രൗൺ ഷുഗറുമായി കോഴിക്കോട് സ്വദേശിയെ കണ്ണൂർ പോലീസ് പിടികൂടി. കോഴിക്കോട് മണ്ണൂർ ആലിങ്കൽ സ്വദേശി എ. ഷാജു (42) ആണ് പോലീസിന്റെ പിടിയിലായത്. കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.

​ഇന്നലെ വൈകുന്നേരം 3.40 ഓടെ കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ കിഴക്കേ കവാടത്തിലെ പാർക്കിംഗ് ഏരിയയ്ക്ക് സമീപം വെച്ചാണ് ഷാജു പിടിയിലാകുന്നത്. സംശയകരമായ സാഹചര്യത്തിൽ കണ്ട ഇയാളെ എസ്.ഐ. ബി. ജിഷ്ണുവും സംഘവും തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. ഇയാളുടെ പക്കൽ നിന്നും 29.020 ഗ്രാം ബ്രൗൺ ഷുഗർ പോലീസ് കണ്ടെടുത്തു.

പിടിച്ചെടുത്ത ലഹരിമരുന്നിന് വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലവരുമെന്ന് പോലീസ് അറിയിച്ചു. ലഹരിമരുന്ന് എവിടെ നിന്നാണ് കൊണ്ടുവന്നതെന്നും ആർക്കൊക്കെയാണ് വിതരണം ചെയ്യാൻ ലക്ഷ്യമിട്ടതെന്നും പോലീസ് അന്വേഷിച്ചു വരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നഗരത്തിൽ ലഹരി വിൽപനയ്ക്കെതിരെ പരിശോധനകൾ ശക്തമാക്കുമെന്ന് പോലീസ് വ്യക്തമാക്കി.