Latestകണ്ണൂര്‍

കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോണും ലഹരിവസ്തുക്കളും പിടികൂടി

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോണും ലഹരിവസ്തുക്കളും പിടികൂടി. സിം കാർഡ്, മൊബൈൽ ഫോൺ, ബാറ്ററി, ചാർജർ എന്നിവയാണ് ജയിലിലെ ആറാം ബ്ലോക്കിന് മുന്നിലുള്ള കെട്ടിടത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ഹാഷിഷ് ഓയിൽ ആണെന്ന് സംശയിക്കുന്ന ലഹരിവസ്തുവും കഴിഞ്ഞ ദിവസം തടവുകാരനിൽ നിന്ന് പിടിച്ചെടുത്തിരുന്നു.

ഈ മാസം മാത്രം ജയിലിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നാലു തവണയാണ് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തത്. തുടർച്ചയായ പരിശോധനകളിലും ഫോണുകളും ലഹരിവസ്തുക്കളും കണ്ടെത്തുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. ഇവ ജയിലിനുള്ളിൽ എങ്ങനെ എത്തുന്നുവെന്നതും ആരാണ് എത്തിക്കുന്നതെന്നതും സംബന്ധിച്ച് വ്യക്തതയില്ലെന്നാണ് വിവരം.

തടവുകാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ ബോട്ടിൽ കണ്ടെത്തിയത്. ഇതിൽ ഹാഷിഷ് ഓയിൽ ആണെന്ന് സംശയിക്കുന്ന വസ്തുവാണ് ഉണ്ടായിരുന്നത്. ലഹരിവസ്തുവിന്റെ സ്വഭാവം സ്ഥിരീകരിക്കുന്നതിനായി സാമ്പിൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.