ഓണാഘോഷം അതിരുവിടരുത്; കർശന നിരീക്ഷണം ഏർപ്പെടുത്തി പോലീസും മോട്ടോർ വാഹന വകുപ്പും
കണ്ണൂർ: ഓണാഘോഷം അതിരുവിടാതിരിക്കാൻ സ്കൂൾ, കോളേജ് പരിസരങ്ങളിലും പ്രധാന ടൗണുകളിലും പാർക്കുകളിലും പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും കർശന നിരീക്ഷണം.
ഓണപ്പരീക്ഷയ്ക്ക് ശേഷം വിവിധ വിദ്യാലയങ്ങളിൽ ഓണാഘോഷ പരിപാടികൾ നടക്കുന്നതിനിടെയാണ് പരിശോധന ശക്തമാക്കുന്നത്.
ചില വിദ്യാലയങ്ങളിലെ വിദ്യാർഥികൾ ഓണാഘോഷത്തിന്റെ ഭാഗമായി വാഹനങ്ങൾ കൊണ്ടുവരാൻ പദ്ധതിയിട്ടതായി പോലീസിനും മോട്ടോർ വാഹന വകുപ്പിനും വിവരം ലഭിച്ചിട്ടുണ്ട്.
ബി എം ഡബ്ല്യു ഉൾപ്പെടെയുള്ള ആഡംബര കാറുകൾ വിദ്യാർഥികൾ വാടകയ്ക്ക് ബുക്ക് ചെയ്തതായും സൂചനയുണ്ട്.
ലൈസൻസില്ലാതെ വാഹനമോടിക്കുക, അമിതവേഗതയിൽ വാഹനമോടിക്കുക, ഗതാഗത നിയമങ്ങൾ ലംഘിക്കുക, സ്കൂൾ-കോളേജ് കോമ്പൗണ്ടിൽ വാഹനമെത്തിച്ച് അഭ്യാസ പ്രകടനം നടത്തുക തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾക്ക് വാഹനം നൽകി വിട്ടാൽ രക്ഷിതാക്കൾക്കെതിരെയും നിയമനടപടി സ്വീകരിക്കും. വിദ്യാർഥികൾക്ക് വാടകയ്ക്ക് വാഹനങ്ങൾ നൽകുന്നവർക്കെതിരെയും വാഹനം പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള നടപടികളുണ്ടാകും.
വിദ്യാലയ പരിസരങ്ങളിൽ പോലീസ് മഫ്തിയിലും നിരീക്ഷണം നടത്തും. ലഹരി ഉപയോഗവും വിതരണവും തടയുന്നതിനായി എക്സൈസ് വകുപ്പും സ്കൂൾ-കോളേജ് പരിസരങ്ങളിൽ പരിശോധന ശക്തമാക്കും. ഓണാഘോഷം സുരക്ഷിതമായും നിയന്ത്രിതമായും നടത്തണമെന്നാണ് പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും നിർദേശം.
