Latestദേശീയം

കാന്താര 2 വിവാദം: ‘രണ്‍വീര്‍ ചെയ്‍തത് ദൈവക്കോലത്തെ അവഹേളിക്കല്‍, മാപ്പ് പറയണം, പരിഹാരമായി ചാമുണ്ഡി ക്ഷേത്രം സന്ദര്‍ശിക്കണം’- കര്‍ണാടക ഹൈക്കോടതി

കാന്താര: ചാപ്റ്റർ 1′ സിനിമയില്‍ ദൈവ കോലത്തെ അപമാനിച്ച കേസില്‍ ബോളിവുഡ് നടൻ രണ്‍വീർ സിംഗ് ക്ഷമാപണം നടത്തണമെന്ന് കർണാടക ഹൈക്കോടതി.കഴിഞ്ഞ വർഷം ഗോവ സർക്കാർ സംഘടിപ്പിച്ച 56-ാമത് ഐഎഫ്‌എഫ്‌ഐ ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയ്‌ക്കിടെ ‘കാന്താര: ചാപ്റ്റർ 1’ എന്ന സിനിമയിലെ ഒരു കഥാപാത്രത്തെ അനുകരിച്ചതിന് തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

രണ്‍വീർ ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണമെന്നും ഉത്തരവില്‍ പറയുന്നു. മതവികാരങ്ങളെ മാനിക്കാൻ പൊതുപ്രവർത്തകർക്ക് ഉത്തരവാദിത്വമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. തന്റെ പ്രവൃത്തികള്‍ക്ക് നിരുപാധികം ക്ഷമാപണം നടത്തി സത്യവാങ്മൂലം സമർപ്പിക്കാൻ തയ്യാറാണെന്ന് രണ്‍വീർ സിംഗ് കർണാടക ഹൈക്കോടതിയെ അറിയിച്ചതായും കോടതി നിർദ്ദേശങ്ങള്‍ക്കനുസൃതമായി ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കാനുള്ള സന്നദ്ധത അദ്ദേഹം പ്രകടിപ്പിച്ചതായും റിപ്പോർട്ടുണ്ട്.

മതവികാരം വ്രണപ്പെടുത്തിയെന്ന പേരില്‍ ബംഗളുരു പൊലീസാണ് കേസെടുത്തത്. ബംഗളൂരുവില്‍ പ്രവർത്തിക്കുന്ന അഭിഭാഷകനായ പ്രശാന്ത് മെത്തല്‍ ആണ് പരാതി നല്‍കിയത്. നടനെതിരെയുള്ള നിർബന്ധിത നടപടികള്‍ സ്റ്റേ ചെയ്യുന്നതിനിടെ, ഒരു സെലിബ്രിറ്റി ആയതിനാല്‍ ഒരു സമൂഹത്തിന്റെ മതവികാരം വ്രണപ്പെടുത്താൻ നടന് കഴിയില്ലെന്നും, പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍, അദ്ദേഹം തന്റെ വാക്കുകളിലും പ്രവൃത്തികളിലും ജാഗ്രത പാലിക്കണമെന്നും ഹൈക്കോടതി വാമൊഴിയായി പരാമർശിച്ചിരുന്നു.