കര്‍ണാടകയില്‍ അതിശൈത്യ തരംഗം! 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
സംസ്ഥാനത്ത് തണുപ്പ് കടുത്തതോടെ കർണാടകയില്‍ അതിശൈത്യ തരംഗം തുടങ്ങി. വടക്കൻ മേഖലകളിലാണ് തണുപ്പ് ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്നത്.കലബുറഗി, ബീദർ, വിജയപുര, ബെളഗാവി, ബാഗല്‍കോട്ട്, ഹാവേരി, യാദ്ഗിർ, ധാർവാഡ്, കൊപ്പാള്‍ എന്നീ ഒൻപത് ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബെംഗളൂരു അടക്കമുള്ള മറ്റ് പ്രദേശങ്ങളിലും താപനില ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ശക്തമായ ശീതക്കാറ്റ് വീശുമെന്നും പകല്‍സമയത്തും തണുപ്പ് തുടരുമെന്നും കാലാവസ്ഥാ മുന്നറിയിപ്പുണ്ട്.
സംസ്ഥാനത്ത് നിലവില്‍ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് വിജയപുര ജില്ലയിലാണ്. ഇവിടുത്തെ കുറഞ്ഞ താപനില ഏഴ് ഡിഗ്രി സെല്‍ഷ്യസാണ്, ഇത് കഴിഞ്ഞ പത്ത് വർഷത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ്. അടുത്ത ദിവസങ്ങളില്‍ താപനില ആറ് ഡിഗ്രി സെല്‍ഷ്യസായി വീണ്ടും കുറയാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. ഐ.ടി. നഗരമായ ബെംഗളൂരുവിലും ശീതക്കാറ്റ് വീശുന്നതിൻ്റെ ഫലമായി താപനില 14 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു. എല്ലാ ദിവസവും രാവിലെ 16 കിലോമീറ്റർ വേഗത്തില്‍ ശീതക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
അതിശൈത്യത്തിൻ്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സർക്കാർ നിർദ്ദേശം നല്‍കിയിട്ടുണ്ട്. തണുപ്പില്‍ നിന്ന് സംരക്ഷണം നല്കുന്ന വസ്ത്രങ്ങള്‍ ധരിച്ചുവേണം പുറത്തിറങ്ങാൻ. മൂടല്‍മഞ്ഞ് വ്യാപകമായതിനെ തുടർന്ന് ബെംഗളൂരുവിലൂടെയുള്ള വിമാന സർവീസുകളെയും തണുപ്പ് ബാധിച്ചു. രാവിലെയുള്ള നിരവധി വിമാന സർവീസുകള്‍ വൈകിയാണ് ഇപ്പോള്‍ പറന്നുയരുന്നത്. തണുപ്പില്‍ നിന്ന് രക്ഷനേടാനുള്ള മുൻകരുതലുകള്‍ സ്വീകരിക്കാൻ അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
