കാസർഗോഡ് ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിക്കവേ ഭര്‍ത്താവും കുഴഞ്ഞുവീണ് മരിച്ചു
കാസർഗോഡ്.ഭാര്യയുടെ മൃതദേഹത്തിനരികെ ഇരുന്നു നാമം ജപിക്കുന്നതിനിടെ ഭർത്താവും മരിച്ചു.ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനും പാഠകം കലാകാരനുമായ പുതുപ്പള്ളി ഇരവിനല്ലൂർ കരിവേലി ഇല്ലത്ത് എൻ. ദേവദത്തൻ നമ്പൂതിരി (88), ഭാര്യ ഗിരിജാദേവി അന്തർജനം (75) എന്നിവരാണ് മണിക്കൂറുകളുടെ ഇടവേളയില്‍ ലോകത്തോട് വിടപറഞ്ഞത്. കാസർകോട് ഗവ. ഗേള്‍സ് വിഎച്ച്‌എസ്‌എസ് അധ്യാപകനായ മകൻ സതീഷ് ഡി. കരിവേലിയുടെ വിദ്യാനഗർ പാറക്കട്ടയിലെ വീട്ടിലായിരുന്നു സംഭവം.
ഗിരിജാദേവി അന്തർജനം 14-ന് രാത്രി 11.30-നാണ് അന്തരിച്ചത്. ഭാര്യയുടെ വിയോഗവിവരം അടുത്തദിവസം രാവിലെ എട്ടോടെയാണ് ദേവദത്തൻ നമ്പൂതിരിയെ അറിയിച്ചത്. വിവരമറിഞ്ഞതിന് പിന്നാലെ ഭാര്യയുടെ മൃതദേഹത്തിനരികെ ഇരുന്നു നാമം ജപിച്ചുകൊണ്ടിരിക്കവേ അദ്ദേഹത്തിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.തുടർന്ന് കാസർകോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
