സംസ്ഥാനത്ത് വീണ്ടും പനിമരണം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പനിമരണം റിപോര്‍ട്ട് ചെയ്തു. കൊല്ലം ജില്ലയിലെ ഏരൂര്‍ വിളക്കുപാറ ആയിരുനെല്ലൂര്‍ ഷാജി ഭവനില്‍ എലിസബത്ത് (38) ആണ് മരിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയായിരുന്ന എലിസബത്ത് കഴിഞ്ഞ ദിവസങ്ങളായി പനിയെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ആദ്യം ഇടമണിലെ ആശുപത്രിയിലും പിന്നീട് പുനലൂര്‍ താലൂക്ക് ആശുപത്രിയിലും ചികില്‍സ തേടിയെങ്കിലും ആരോഗ്യനില ഗുരുതരമായതോടെ തിങ്കളാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് ചികില്‍സയ്ക്കിടെ മരണപ്പെട്ടു.
സംഭവത്തില്‍ ഏരൂര്‍ പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. പനിക്ക് പിന്നാലെയുണ്ടായ അണുബാധയാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
