Latestകേരളം

ആറു വയസ്സുകാരി വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു മരിച്ചു

കൊല്ലം : ആറു വയസ്സുകാരി വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു മരിച്ചു. കരീപ്ര ഉളകോട് സ്വദേശികളായ ടി അനന്തുവിന്റെയും ജിഗീതുവിന്റെയും ഏകമകള്‍ അവന്തികയാണു മരിച്ചത്.മുളവൂർക്കോണത്ത് വാടകയ്ക്കു താമസിക്കുകയായിരുന്നു ഇവർ. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടരയോടെയായിരുന്നു സംഭവം.

ഗീതുവും അവന്തികയും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ഗീതു പറമ്പിലെ പപ്പായ കുത്തിയിടുമ്പോള്‍ ഒപ്പം നില്‍ക്കുകയായിരുന്നു അവന്തിക. കിണറിനു സമീപത്തുണ്ടായിരുന്ന സ്റ്റൂളില്‍ കയറി ആള്‍മറയിലേക്കു പിടിച്ചുകയറാൻ ശ്രമിക്കവേ കിണറ്റിലേക്കു വീഴുകയായിരുന്നു. ഓടിയെത്തിയ ഗീതു കുട്ടിയുടെ കയ്യില്‍ പിടിച്ചെങ്കിലും വഴുതിപ്പോയി. നിലവിളി കേട്ടെത്തിയ പ്രദേശവാസികളില്‍ ഒരാള്‍ കിണറ്റിലിറങ്ങി കുട്ടിയെ പുറത്തെടുത്തു.

ഉടൻ തന്നെ നെടുമണ്‍കാവ് സിഎച്ച്‌സിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മടന്തകോട് ഇവിയുപിഎസിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് അവന്തിക. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.