എം.ബി. രാജേഷിന്റെ ഭാര്യയുടെ സംസ്‌കൃത സര്‍വകലാശാലയിലെ നിയമനം വിവാദത്തില്‍

തിരുവനന്തപുരം∙ സിപിഎം നേതാവും മുന്‍ എംപിയുമായ എം.ബി. രാജേഷിന്റെ ഭാര്യയ്ക്ക് സംസ്‌കൃത സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നല്‍കിയതിനെതിരെ ഗവര്‍ണര്‍ക്കു പരാതി.

ഉയര്‍ന്ന അക്കാദമിക യോഗ്യതകളുള്ള ഉദ്യോഗാര്‍ഥികളെ മറികടന്നാണ് രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിക്ക് ഇന്റര്‍വ്യൂവില്‍ ഒന്നാം റാങ്ക് നല്‍കിയതെന്നാണ് ആരോപണം. സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ് ശശികുമാറും സെക്രട്ടറി എം. ഷാജിര്‍ഖാനുമാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്

സർക്കാർ കോളേജുകളിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേയ്ക്ക് എഴുത്തുപരീക്ഷയും ഇന്റർവ്യൂവും കഴിഞ്ഞ് പിഎസ്സി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ നിനിതയുടെ റാങ്ക് 212 ആണ്. ഇതേ റാങ്ക് പട്ടികയിൽ ഉയർന്ന റാങ്ക് നേടിയ, സംസ്കൃത സർവകലാശാലയുടെ ഇന്റർവ്യൂവിൽ പങ്കെടുത്ത ഉദ്യോഗാർഥികളെ മറികടന്നാണ് രാജേഷിന്റെ ഭാര്യക്ക് ഒന്നാം റാങ്ക് നൽകിയിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നു.

ഉയർന്ന അക്കാദമിക മികവും നിരവധി അംഗീകൃത ഗവേഷണ പ്രബന്ധങ്ങളും അധ്യാപന പരിചയമുള്ളവരെയും ഒഴിവാക്കിയാണ് റാങ്ക് പട്ടിക തയ്യാറാക്കിയതെന്ന് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയും ആരോപിച്ചു.