ചരിത്രത്തിൽ ഇന്ന് നവംബർ 25

കൂത്തുപറമ്പ് വെടിവെപ്പ് നടന്നിട്ട് 26 വര്‍ഷം

കൂത്തുപറമ്പ് വെടിവെപ്പ്

കേരളത്തിന്റെ രാഷ്ടീയ ചരിത്രത്തിലെ കറുത്ത അധ്യായമായ കൂത്തുപറമ്പ് വെടിവെപ്പ് നടന്നിട്ട് ഇന്നേക്ക് 26 വര്‍ഷം പൂര്‍ത്തിയാവുന്നു.1994 നവംബര്‍ 25നാണ് കൂത്തുപറമ്പില്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്.
നട്ടെല്ലിന് വെടിയേറ്റ് ശരീരം തളര്‍ന്ന പുഷ്പന്‍ ഇന്നും ജീവിക്കുന്ന രക്തസാക്ഷിയായി ബാക്കിനില്‍ക്കുന്നു.അന്നത്തെ സഹകരണ വകുപ്പ് മന്ത്രിയായിരുന്ന എം.വി രാഘവനെ കരിങ്കൊടി കാണിക്കാനെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് പോലീസ് വെടിയുതിര്‍ത്തത്.
ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡണ്ടായിരുന്ന കെ.കെ രാജീവന്‍, റോഷന്‍,ഷിബുലാല്‍, ബാബു, മധു എന്നിങ്ങനെ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അന്നത്തെ വെടിവെപ്പില്‍ ജീവന്‍ നഷ്ടമായി.
നിരവധി കമ്മീഷനുകള്‍ അന്വേഷണം നടത്തിയെങ്കിലും നിയമ നടപടികള്‍ എങ്ങുമെത്തിയില്ല. വെടിവയ്പിനു പിന്നാലെ മന്ത്രി എം വി രാഘവനെ വധിക്കാന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇവരെ പിന്നീട് കോടതി കുറ്റവിമുക്തരാക്കി.

ഫിലിപ്പീന്‍സിനെ തകര്‍ത്ത് നൈന ചുഴലിക്കാറ്റ്

നൈന ചുഴലിക്കാറ്റ്


1987 നവംബര്‍ 25 നാണ് ഫിലീപ്പിന്‍സിനെ തകര്‍ത്തുകൊണ്ട് നൈന ചുഴലിക്കാറ്റ് വീശിയടിക്കുന്നത് . പസഫിക് സമുദ്രത്തില്‍ നിന്ന് അതേ വര്‍ഷം രൂപം കൊള്ളുന്ന നാലാമത്തെ ചുഴലിക്കാറ്റായിരുന്നു നൈന. അന്നുവരെയുണ്ടായതില്‍വെച്ച് ഏറ്റവും വലിയ ആള്‍നാശമാണ് സംഭവിച്ചത്. 1000 നു മുകളില്‍ ജനങ്ങളാണ് ചുഴലിക്കാറ്റില്‍ കൊല്ലപ്പെട്ടത്.മണിക്കൂറില്‍ 48 കിലോമീറ്റര്‍ വേഗതയിലായിരുന്നു നൈന വീശിയടിച്ചത് .  ഫിലപ്പീന്‍സ് എന്നും ചുഴലിക്കാറ്റ് ഭീതിയില്‍ കഴിയുന്ന രാജ്യമാണ്. കടുത്ത ദുരിതങ്ങളാണ് ഇതുമൂലം ഈ രാജ്യം  അനുഭവിച്ചുകൊണ്ടിരിക്കുന്നത്.