പി എസ് സി ; മുഴുവൻ ഒഴിവുകളും റിപ്പോർട്ട് ചെയ്യാൻ ‌നിർദേശം നൽകിയെന്ന് മുഖ്യമന്ത്രി


പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളില്‍ ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്തുകയെന്നതാണ് സര്‍ക്കാരിന്‍റെ നയമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍റെ സബ്മിഷന് മുഖ്യമന്ത്രിയുടെ മറുപടി. ഇതിനാവശ്യമായ സത്വര നടപടികള്‍ സര്‍ക്കാരും നിയമനാധികാരികളും പബ്ലിക് സര്‍വ്വീസ് കമ്മീഷനും സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് യഥാസമയം മത്സര പരീക്ഷകള്‍ നടത്താന്‍ പി.എസ്.സി.ക്ക് കഴിയാത്ത സാഹചര്യമുണ്ടായി. എന്നാല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെയും നിയമന ശിപാര്‍ശ നല്‍കുന്നതിനെയും ഇത് ബാധിക്കുന്നില്ല. മാത്രവുമല്ല, 05.02.2021നും 03.08.2021-നുമിടയില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന വിവിധ റാങ്ക് ലിസ്റ്റുകളുടെ കാലാവധി 04.08.2021 വരെ ദീര്‍ഘിപ്പിച്ചിരുന്നു. മുഖ്യമന്ത്രി പറഞ്ഞു.