മന്ത്രി എ.കെ ശശീന്ദ്രനെ ന്യായീകരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍

മന്ത്രി എ.കെ ശശീന്ദ്രനെ ന്യായീകരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ശശീന്ദ്രന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. പാര്‍ട്ടിക്കാര്‍ തമ്മിലുള്ള തര്‍ക്കമാണ് മന്ത്രി അന്വേഷിച്ചത്. കേസ് ദുര്‍ബലപ്പെടുത്താനുള്ള ഉദ്ദേശം മന്ത്രിക്ക് ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. പരാതിക്കാരിക്ക് പൂര്‍ണമായും നിയമസംരക്ഷണം ഉറപ്പാക്കുമെന്നും വിഷയം സഭ നിര്‍ത്തിവെച്ച്‌ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഷയത്തില്‍ പി.സി വിഷ്ണുനാഥ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും നിഷേധിച്ചു. അതേസമയം അനാവശ്യ ന്യായീകരണമാണ് മുഖ്യമന്ത്രിയുടേതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി.

പരാതി പിന്‍വലിപ്പിക്കാനാണ് മന്ത്രി ശ്രമിച്ചത്. നിയമസഭയില്‍ തലകുനിച്ചാണ് മുഖ്യമന്ത്രി ഇരിക്കുന്നത്. പെണ്‍കുട്ടിയെ കയ്യില്‍ കയറി പിടിച്ചു എന്നാണ് ആരോപണം. അത് എങ്ങനെയാണ് നല്ലരീതിയില്‍ തീര്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പറയണമെന്നും സതീശന്‍ ചോദിച്ചു.

മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും മുഖ്യമന്ത്രിയെ കൂടെയുള്ളവര്‍ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി പി.സി വിഷ്ണുനാഥ് പറഞ്ഞു. എ.കെ.ശശീന്ദ്രന് മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമനടപടികള്‍ ഇല്ലാതാക്കാനാണ് മന്ത്രി വിളിച്ചത്. മുഖ്യമന്ത്രി മന്ത്രിയുടെ രാജി എഴുതി വാങ്ങിക്കണമെന്നും പി.സി. വിഷ്ണുനാഥ് പറഞ്ഞു.