മെട്രോ ട്രെയിനിലെ എഴുത്തുകൾ ഗ്രാഫിറ്റി എന്ന് നിഗമനം

മെട്രോയിൽ സ്ഫോടനം നടത്തും എന്ന് വ്യാഖ്യാനിക്കപ്പെട്ട മെട്രോ ട്രെയിനിലെ എഴുത്തുകൾ, ഗ്രാഫിറ്റി എന്ന് നിഗമനം. വിദേശ രാജ്യങ്ങളിലും മറ്റിടങ്ങളിലും പൊതുമുതൽ നശിപ്പിക്കുന്ന, അന്താരാഷ്ട്ര തീവ്രവാദ സംഘടനയായ റെയിൽ ഹൂൺസ് മാതൃകയിലാണ് കൊച്ചി മെട്രോ ട്രെയിനുകളിൽ ‘സന്ദേശം’ എഴുതിയിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് മെട്രോ യാർഡിലേക്ക് നുഴഞ്ഞുകയറി മണിക്കൂറുകൾക്കുള്ളിൽ നടത്തിയ പെയിന്റിംഗ് കെഎംആർഎല്ലിന്റെ സുരക്ഷാവീഴ്ചയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് കേന്ദ്ര ഏജൻസികൾ പറയുന്നു.

22-ന് നിർത്തിയിട്ടിരുന്ന പമ്പ ട്രെയിനിൽ ഇംഗ്ലീഷിൽ സ്പ്രേ പെയിന്റിലാണ് എഴുതിയിരുന്നത്. മൂന്ന് ബോഗികളിൽ വരച്ചു. പ്ലേ യുഫോസ്, ബേൺ ഫസ്റ്റ് ഹിറ്റ് കൊച്ചി എന്നിങ്ങനെയാണ് വാക്കുകൾ. ‘ബേൺ ഫസ്റ്റ് ഹിറ്റ് കൊച്ചി’ എന്ന് എഴുതിയതാണ് തീവ്രവാദ ഭീഷണിയായി വ്യാഖ്യാനിക്കപ്പെട്ടത്. സംഭവത്തിന് പിന്നിൽ തീവ്രവാദ സ്വഭാവം ഉണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

ഐപിസി 447, 427 വകുപ്പുകൾ പ്രകാരം അതിക്രമിച്ച് കയറി പൊതുമുതൽ നശിപ്പിച്ചതിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ രണ്ട് പേർ ഇത് ചെയ്തതായി കണ്ടെത്തി. ഇവരുടെ മുഖവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. എന്നാൽ അത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. മലയാളികളാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.