2022ല്‍ ജിഎസ്‌ടി വരുമാനത്തിൽ 15 ശതമാനം വർധന

ഡൽഹി: 2022 ഡിസംബറിൽ ജിഎസ്‌ടി വരുമാനം 15 ശതമാനം ഉയർന്ന് 1.49 ലക്ഷം കോടി രൂപ ആയതായി ധനമന്ത്രാലയം. 2022 ഡിസംബറിൽ മൊത്തം ജിഎസ്‌ടി വരുമാനം 1,49,507 കോടി രൂപയാണ്. ഇതിൽ 26,711 കോടി രൂപ സിജിഎസ്‌ടിയായും 33,357 കോടി രൂപ എസ്‌ജിഎസ്‌ടിയായും 78,434 കോടി രൂപ ഐജിഎസ്‌ടിയായും ലഭിച്ചതാണ്.

സിജിഎസ്‌ടിക്ക് 36,669 കോടി രൂപയും എസ്‌ജിഎസ്‌ടിക്ക് 31,094 കോടി രൂപയുമാണ് സർക്കാർ നൽകിയത്. 2022 ഡിസംബറിൽ പതിവ് സെറ്റിൽമെന്‍റുകൾക്ക് ശേഷം, കേന്ദ്രത്തിന്‍റെയും സംസ്ഥാനങ്ങളുടെയും മൊത്തം വരുമാനം സിജിഎസ്‌ടിക്ക് 63,380 കോടി രൂപയും എസ്‌ജിഎസ്‌ടിക്ക് 64,451 കോടി രൂപയുമാണ്.

2022 ഡിസംബർ മാസത്തിൽ ചരക്ക് ഇറക്കുമതിയിൽ നിന്നുള്ള വരുമാനം 8% ഉയർന്നു. സേവനങ്ങളുടെ ഇറക്കുമതി ഉൾപ്പെടെയുള്ള ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഈ സ്രോതസ്സുകളിൽ നിന്നുള്ള വരുമാനത്തേക്കാൾ 18 % കൂടുതലാണ്. 2022 നവംബർ മാസത്തിൽ 7.9 കോടി ഇ-വേ ബില്ലുകളാണ് ജനറേറ്റ് ചെയ്തത്. ഇത് 2022 ഒക്ടോബറിൽ സൃഷ്ടിച്ച 7.6 കോടി ഇ-വേ ബില്ലുകളേക്കാൾ വളരെ കൂടുതലാണ്.