ഇന്ത്യൻ റെയിൽവേയുടെ ചരക്ക് ഗതാഗത വരുമാനത്തില്‍ 16% വർധന

2022-23 സാമ്പത്തിക വർഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിൽ, ഇന്ത്യൻ റെയിൽവേയുടെ ചരക്ക് ഗതാഗതത്തിൽ നിന്നുള്ള വരുമാനം മുൻ വർഷങ്ങളിൽ നേടിയ വരുമാനത്തെ മറികടന്നു. ഏപ്രിൽ-ഡിസംബർ കാലയളവിൽ രാജ്യത്തെ ചരക്ക് ഗതാഗതത്തിൽ നിന്ന് റെയിൽവേയുടെ വരുമാനം 120478 കോടി രൂപയായിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് ഇപ്പോൾ 16% വർദ്ധനവാണുള്ളത്.

നടപ്പുസാമ്പത്തിക വർഷം ഏപ്രിൽ -ഡിസംബർ കാലയളവിൽ 1109.38 ദശലക്ഷം ടൺ ചരക്കുനീക്കമാണ് റെയിൽവേ നടത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1029.96 ദശലക്ഷം ടണ്ണായിരുന്നുവെന്ന് റെയിൽവേ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ഡിസംബറിൽ 130.66 ദശലക്ഷം ടൺ ചരക്ക് നീക്കവുമായി റെയിൽവേ 14,573 കോടി രൂപ വരുമാനം നേടി. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 3 ശതമാനം വർദ്ധനവാണിത്. ഉപഭോക്തൃ കേന്ദ്രീകൃത സമീപനം, ബിസിനസ് വികസന യൂണിറ്റുകളുടെ പ്രവർത്തനക്ഷമത, ദ്രുത നയരൂപീകരണം എന്നിവയിലൂടെയാണ് ഈ ചരിത്ര നേട്ടം സാധ്യമായതെന്നും റെയിൽവേ പറഞ്ഞു.