ഫേസ്ബുക്ക് ലൈവിട്ട് 230 കി.മി വേഗതയില്‍ മരണപ്പാച്ചില്‍; ബിഎംഡബ്ല്യു ട്രക്കിലിടിച്ച് 4 മരണം

ന്യൂഡല്‍ഹി: ഫേസ്ബുക്കിൽ ലൈവിട്ട് മണിക്കൂറിൽ 230 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച ബിഎംഡബ്ല്യു കാർ ട്രക്കുമായി കൂട്ടിയിടിച്ച് നാല് യുവാക്കൾ മരിച്ചു. പൂർവാഞ്ചൽ എക്സ്പ്രസ് ഹൈവേയിലെ സുൽത്താൻപൂരിൽ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. അപകടത്തിന് തൊട്ടുമുമ്പ് നാലുപേരും ഫേസ്ബുക്ക് ലൈവിൽ വേഗത്തിൽ പോകുന്നത് പോസ്റ്റ് ചെയ്തിരുന്നു. ലൈവിനിടയിൽ തങ്ങൾ നാലുപേരും മരിക്കുമെന്നും അവർ പറഞ്ഞു.

ബിഹാറിലെ റോഹ്താസിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജിലെ പ്രൊഫസറായ ആനന്ദ് പ്രകാശ്, എൻജിനീയർ ദീപക് കുമാർ, അഖിലേഷ് സിംഗ്, വ്യവസായി മുകേഷ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ബിഎംഡബ്ല്യു കാർ പൂർണമായും തകർന്നു. മരിച്ചവരെല്ലാം ബീഹാർ സ്വദേശികളാണ്. ഇവർ ഡൽഹിയിലേക്കുള്ള യാത്രയിലായിരുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും കണ്ടെയ്നർ ഡ്രൈവറെ കണ്ടെത്താൻ അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്നും സുൽത്താൻപൂർ എസ്പി സോമൻ ബർമ്മ പറഞ്ഞു. ഫോറൻസിക് സ്റ്റേറ്റ് ലബോറട്ടറിയുടെ സഹായത്തോടെ ബിഎംഡബ്ല്യു, കണ്ടെയ്നർ ട്രക്ക് എന്നിവയുടെ സാങ്കേതിക പരിശോധന നടത്തുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.