അസമിൽ അൽഖ്വയ്ദ ബന്ധമുള്ള 35 പേർ പിടിയിൽ

അസം: അൽ-ഖ്വയ്ദയുമായി ബന്ധമുള്ള 35 പേരെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് അസം പൊലീസ് അറസ്റ്റ് ചെയ്തു. അസം ഡിജിപി ഭാസ്കർ ജ്യോതി മഹന്തയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, മറ്റ് പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ സർക്കാർ ജിഹാദി, അൽ-ഖ്വയ്ദ, അൻസാറുള്ള ബംഗ്ലാ ടീം (എബിടി) പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.

അസം പൊലീസിന്‍റെ വിശ്വാസ്യതയെ കോൺഗ്രസ് എംഎൽഎ അബ്ദുർ റാഷിദ് മണ്ഡൽ ചോദ്യം ചെയ്തു. അസമിലെ മുസ്ലീങ്ങൾക്ക് ജിഹാദി പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയുമെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഗോൾപാറ ജില്ലയിൽ നിന്ന് അറസ്റ്റിലായ നാല് പേരിൽ ഒരാളുടെ പിതാവ് ഇപ്പോഴും സിആർപിഎഫിൽ ജോലി ചെയ്യുകയാണ്. സിആർപിഎഫിൽ ജോലി ചെയ്യുന്ന ഒരാളുടെ മകൻ ജിഹാദി പ്രവർത്തനങ്ങളിൽ ഏർപ്പെടുമെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുസ്ലിം സമുദായത്തിൽ ചില കള്ളൻമാരും കൊള്ളക്കാരും ഉണ്ട്, ചിലർ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. പക്ഷേ, മുസ്ലിം ജനതയ്ക്ക് ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല,” മണ്ഡൽ പറഞ്ഞു. അതിവേഗ കോടതിയിൽ വിചാരണ നടപടികൾ നടത്തണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.