മുറിച്ചുണ്ട് ശസ്ത്രക്രിയ ചെയ്ത കുരുന്നുകൾക്ക് പ്രചോദനം; ജീവിത കഥ പറഞ്ഞ് ഋഷിരാജ് സിങ്

തൃശ്ശൂര്‍: മുറിച്ചുണ്ട് ശസ്ത്രക്രിയ ചെയ്ത ആയിരത്തോളം കുരുന്നുകൾക്ക് പ്രചോദനമായി സ്വന്തം കഥ വിവരിച്ച് മുന്‍ ഡി.ജി.പി. ഋഷിരാജ് സിങ്. ചെറുപ്പത്തിൽ മുറിച്ചുണ്ട് മൂലം ധാരാളം കളിയാക്കലുകൾ സഹിച്ചെന്നും അങ്ങനെ മുറിച്ചുണ്ടുമായി ജീവിക്കേണ്ടന്ന് തോന്നിയെന്നും അദ്ദേഹം പറഞ്ഞു.

അന്ന് രാജസ്ഥാനിൽ ഒരിടത്തും മുറിച്ചുണ്ട് ശസ്ത്രക്രിയ ഉണ്ടായിരുന്നില്ലെന്നും 17 വർഷം താൻ അങ്ങനെ ജീവിച്ചുവെന്നും പറഞ്ഞ അദ്ദേഹം അപ്പോഴാണ് ചണ്ഡീഗഢില്‍ പ്ലാസ്റ്റിക് സര്‍ജനായ ഡോ. രാമകൃഷ്ണന്‍ മുറിച്ചുണ്ട് ശസ്ത്രക്രിയ തുടങ്ങുന്നു എന്ന വിവരമറിഞ്ഞത്. താനായിരുന്നു ആദ്യ രോഗിയെന്ന് അദ്ദേഹം ഓർക്കുന്നു.

അങ്ങനെ ശസ്ത്രക്രിയ നടന്നു. ഭയന്ന പോലെ ഒന്നും ഉണ്ടായിരുന്നില്ല. 55 വർഷം കഴിഞ്ഞിട്ടും, ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടർമാർ എന്നോട് ചെയ്യാൻ പറഞ്ഞ വ്യായാമങ്ങൾ താൻ നിർത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയരായവരുടെ സംഗമത്തിലാണ് അദ്ദേഹം സംസാരിച്ചത്.