ഹാജി സലിം എന്ന പാക് ലഹരിമാഫിയ കടല്‍ വഴി നടത്തുന്നത് കോടികളുടെ ലഹരി കടത്ത്
കൊച്ചി: ഹാജി സലിം എന്ന പാകിസ്ഥാൻ മാഫിയയിലൂടെ അതിർത്തി കടന്നെത്തുന്നത് കോടികളുടെ മയക്കുമരുന്നെന്ന് കണ്ടെത്തൽ. ഈ വർഷം ഫെബ്രുവരിയിൽ ഗുജറാത്ത് തീരത്ത് നിന്ന് 750 കിലോ മയക്കുമരുന്നാണ് പിടികൂടിയത്. ഹെറോയിൻ, മെത്താംഫെറ്റമിൻ, ചരസ് എന്നിവ ഉൾപ്പെടുന്ന ഈ വലിയ ശേഖരത്തിന് പിന്നിലും ഹാജി സലിം ഗ്രൂപ്പിന്റെ പങ്ക് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) കണ്ടെത്തി. മയക്കുമരുന്ന് കടത്താൻ ഇറാനിയൻ ബോട്ടാണ് അന്നും ഉപയോഗിച്ചത്.
കഴിഞ്ഞ ദിവസം കൊച്ചി തീരത്ത് നിന്ന് പിടികൂടിയ 200 കിലോ ഹെറോയിനിനെക്കുറിച്ചുള്ള അന്വേഷണവും ഹാജി സലിം ശൃംഖലയിലേക്കാണ് നീളുന്നത്. ഇവര്‍ വഴിയുള്ള മയക്കുമരുന്ന് കടത്ത് വര്‍ഷങ്ങളായി തുടരുകയാണെന്ന് എന്‍.സി.ബി. ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ (ഓപ്പറേഷന്‍സ്) സഞ്ജയ് കുമാര്‍ സിങ് പറഞ്ഞു. 2021 ൽ എൻസിബി കൊച്ചി യൂണിറ്റ് 637 കിലോ ഹെറോയിൻ പിടിച്ചെടുത്തിരുന്നു. ഹാജി സലിം ശൃംഖലയിലൂടെയായിരുന്നു ഇതും എത്തിയത്.
കൊച്ചിയിൽ ഹെറോയിൻ പിടിച്ചെടുത്തതിൽ തീവ്രവാദ ബന്ധം കണ്ടെത്തിയിട്ടില്ല. എന്നിരുന്നാലും, പാകിസ്ഥാൻ സംഘം ഉൾപ്പെട്ട ചില മുൻ കേസുകളിൽ ഇത്തരത്തിലുള്ള സ്വാധീനം കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ തലത്തിലുള്ള അന്വേഷണങ്ങളും നടക്കുന്നുണ്ട്.