അലക്കുസോപ്പിൽ കുളിക്കുന്ന ദരിദ്രർക്കായി ബാത് സോപ്പ്; വിജയമായ് ഇക്കോ സോപ്പ് ബാങ്ക്
2014ൽ കൊളംബിയൻ ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്യവേയാണ് സമീർ ലഖാനി എന്ന യുവാവ് ഒരമ്മ തന്റെ കുഞ്ഞിനെ അലക്ക് സോപ്പ് ഉപയോഗിച്ച് കുളിപ്പിക്കുന്നത് കണ്ടത്. യാത്രയിലുടനീളം പലയിടങ്ങളിലായി സമീർ ഈ കാഴ്ച കണ്ടു. പിന്നീട് നടത്തിയ വിശദ പഠനത്തിലൂടെയാണ് വികസ്വര രാജ്യങ്ങളിലെ ജനസംഖ്യയിൽ ഒരു ശതമാനം ആളുകൾക്ക് മാത്രമേ കുളിക്കാനുള്ള സോപ്പ് ലഭിക്കുന്നുള്ളൂ എന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്.
ഒപ്പം, മറ്റൊരു കാര്യവും സമീറിന്റെ ഓർമ്മയിലെത്തി. രാജ്യത്തെ ഭൂരിഭാഗം ഹോട്ടലുകളും അതിഥികൾക്ക് സോപ്പും മറ്റും, കുളിക്കുന്നതിന് സൗജന്യമായി തന്നെ നൽകുന്നുണ്ടെങ്കിലും വളരെ ചുരുക്കം പേരാണ് അത് ഉപയോഗിക്കുന്നത്. ചിലർ ഭാഗികമായി ഉപയോഗിച്ചതിന് ശേഷം സോപ്പ് ഉപേക്ഷിക്കുകയും ചെയ്യുന്നു.
ഈ യാഥാർത്ഥ്യങ്ങൾ തിരിച്ചുറിഞ്ഞാണ് ഹോട്ടലുകളിലും മറ്റ് സ്ഥലങ്ങളിലും ഉപേക്ഷിക്കുന്ന അധിക സോപ്പുകൾ ശേഖരിച്ച് പാവപ്പെട്ടവർക്ക് വിതരണം ചെയ്യാൻ കഴിയുന്ന തരത്തിലുളള്ള സംരംഭത്തെക്കുറിച്ച് സമീർ ആലോചിക്കുന്നത്. 2014 ൽ അദ്ദേഹം ഇക്കോ സോപ്പ് ബാങ്ക് എന്ന പദ്ധതി ആരംഭിച്ചു. ഉപേക്ഷിക്കപ്പെട്ട സോപ്പുകൾ ശേഖരിച്ച്, അണുവിമുക്തമാക്കി പുതിയ സോപ്പുകളായി പുനർനിർമ്മിച്ച ശേഷം പാവപ്പെട്ടവർക്ക് നൽകുന്ന പദ്ധതി ഇതിനോടകം തന്നെ വിജയം കണ്ടു കഴിഞ്ഞു.