കുവൈറ്റിൽ അപൂർവ ആലിപ്പഴ വീഴ്ച; കാലാവസ്ഥാ വ്യതിയാനം ഗൾഫ് നാടുകളെ ജീവിതയോഗ്യമല്ലാതാക്കിയേക്കും

കുവൈത്ത് സിറ്റി: ഭൂമിയിലെ ഏറ്റവും ചൂടേറിയ രാജ്യങ്ങളിലൊന്നായ കുവൈറ്റിലെ അപൂർവ ആലിപ്പഴ വീഴ്ച്ച എല്ലാവരേയും ആകർഷിച്ചു. 15 വർഷത്തിനിടെ ഇത്രയും വലിയ ആലിപ്പഴ വീഴ്ച്ച കണ്ടിട്ടില്ലെന്ന് കുവൈറ്റ് കാലാവസ്ഥാ വകുപ്പ് മുൻ ഡയറക്ടർ മുഹമ്മദ് കരം പറഞ്ഞു.

ആലിപ്പഴത്തിലും മഞ്ഞിലും ഭാഗികമായി മൂടിയ തെക്കൻ റോഡുകളുടെ ചിത്രങ്ങളും വീഡിയോകളും പലരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

കുവൈറ്റ് സിറ്റിയിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള അൽ ഹൈമാൻ ജില്ലയിലാണ് ആലിപ്പഴ വീഴ്ച്ചയുണ്ടായത്. ചൊവ്വാഴ്ച മുതൽ 63 മില്ലീമീറ്റർ വരെ മഴ ലഭിച്ചെങ്കിലും കാലാവസ്ഥ തെളിഞ്ഞു വരുന്നതായി കുവൈറ്റ് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലാവസ്ഥാ വ്യതിയാനം കാലാവസ്ഥാ രീതികളെ തടസ്സപ്പെടുത്തുന്നതിനാൽ ഈ പ്രതിഭാസം ആവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വകുപ്പ് അറിയിച്ചു. അതേസമയം വേനൽ ചൂട് കൂടുന്നതിനാൽ കാലാവസ്ഥാ വ്യതിയാനം ഗൾഫ് രാജ്യങ്ങളെ ജീവിത യോഗ്യമല്ലാതാക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.