‘ആദിപുരുഷ്’ സംവിധായകൻ ഓം റൗട്ടിന് 4.02 കോടിയുടെ കാർ സമ്മാനിച്ച് നിർമാതാവ്

4.02 കോടി രൂപ വിലമതിക്കുന്ന ഫെരാരി എഫ് 8 ട്രിബ്യൂട്ടോ നിർമാതാവ് ഭൂഷൺ കുമാർ ആദിപുരുഷിന്‍റെ സംവിധായകന് സമ്മാനിച്ചു. സംവിധായകൻ ഓം റൗട്ടിന് ടി-സീരീസിൽ നേരത്തെ രജിസ്റ്റർ ചെയ്ത കാറാണ് നൽകിയത്.

ഓം റൗട്ട് മുംബൈ നഗരത്തിലൂടെ വാഹനമോടിക്കുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. നേരത്തെ നടൻ കാർത്തിക് ആര്യന് ഭൂഷൺ കുമാർ ഒരു മെക്ലാരൻ സമ്മാനിച്ചിരുന്നു. ഇത് സിനിമയുടെ വിജയം ആഘോഷിക്കാനായിരുന്നുവെങ്കിൽ ഇപ്പോഴത്തെ സമ്മാനം സിനിമയുടെ റിലീസിന് മുൻപ് തന്നെയാണ്.

ഫെരാരിയുടെ സൂപ്പർഹിറ്റ് കാറുകളിൽ ഒന്നാണ് എഫ് 8 ട്രിബുട്ടോ. 2020 ലാണ് വാഹനം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. 3.9 ലിറ്റർ ട്വിൻ ടർബോചാർജ്ഡ് വി8 പെട്രോൾ എഞ്ചിനാണ് എഫ് 8ന് കരുത്തേകുന്നത്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 2.9 സെക്കൻഡും 200 കിലോമീറ്റർ വേഗത കൈവരിക്കാൻ 7.8 സെക്കൻഡും മതി.