റാഗിങ് പരാതിയില്‍ അലന്‍ ഷുഹൈബ് കസ്റ്റഡിയില്‍; എസ്എഫ്‌ഐയുടേത് ആസൂത്രിത നീക്കമെന്ന് ആരോപണം

കണ്ണൂർ: എസ്എഫ്‌ഐയുടെ റാഗിങ് പരാതിയിൽ പന്തീരങ്കാവ് യുഎപിഎ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന അലന്‍ ഷുഹൈബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പരാതിയിൽ ധര്‍മടം പൊലീസാണ് അലനെ കസ്റ്റഡിയിലെടുത്തത്.

കണ്ണൂര്‍ പാലയാട് ക്യാമ്പസിലാണ് വിദ്യാര്‍ത്ഥി സംഘര്‍ഷമുണ്ടായത്. എസ്എഫ്‌ഐ പ്രവര്‍ത്തകരും സംയുക്ത വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തിന് പിന്നാലെ അലന്‍ ഷുഹൈബിനെതിരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ സംയുക്ത വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ റാഗ് ചെയ്‌തെന്നാണ് എസ്എഫ്‌ഐയുടെ പരാതി. ക്യാമ്പസിലെ നിയമവിദ്യാര്‍ത്ഥിയാണ് അലന്‍. റാഗിങില്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദനമേറ്റെന്നാണ് എസ്എഫ്‌ഐയുടെ ആരോപണം. സംഘര്‍ഷത്തിലുണ്ടായിരുന്ന ചില വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

അതേസമയം വ്യാജപരാതിയാണിതെന്നും കഴി‍ഞ്ഞ വർഷം എസ്എഫ്ഐക്കാർ റാഗ് ചെയ്തതിനെതിരെ പ്രതികരിച്ചതിന് പക വീട്ടുകയാണ് എന്നും അലൻ പറഞ്ഞു. കൂടുതൽ കേസുകളിൽപ്പെടുത്തി തന്റെ ജാമ്യം റദ്ദാക്കാനാണ് ശ്രമമെന്നും അലൻ ആരോപിച്ചു.