കേസുകൾ റദ്ദാക്കണമെന്ന് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍; സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: ഉത്തർപ്രദേശ് പോലീസ് തനിക്കെതിരെ രജിസ്റ്റർ ചെയ്ത ആറ് കേസുകളും റദ്ദാക്കണമെന്ന് ആൾട്ട് ന്യൂസിന്‍റെ സഹസ്ഥാപകനായ മുഹമ്മദ് സുബൈർ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് സുബൈർ സുപ്രീം കോടതിയിൽ പ്രത്യേക ഹർജി നൽകി. സുബൈറിനെതിരായ കേസുകൾ അന്വേഷിക്കാൻ യോഗി ആദിത്യനാഥ് സർക്കാർ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിരുന്നു. സംഘത്തെ പിരിച്ചുവിടണമെന്ന് സുബൈർ കോടതിയോട് അഭ്യർത്ഥിച്ചു. ഇതിൽ മൂന്ന് കേസുകൾ ലഖിംപൂർ ഖേരി, ഹത്രാസ്, സീതാപൂർ എന്നിവിടങ്ങളിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഹിന്ദുത്വ നേതാക്കൾക്കെതിരായ ട്വീറ്റാണ് ഈ കേസുകൾക്ക് കാരണമെന്ന് സുബൈർ ഹർജിയിൽ പറയുന്നു.

സീതാപൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ സുബൈറിന് സുപ്രീം കോടതി ഇടക്കാല ആശ്വാസം നൽകിയിരുന്നു. അതോടെ ഇയാളുടെ ജാമ്യം നീട്ടി. പക്ഷെ സുബൈറിനെതിരെ മറ്റ് കേസുകളുള്ളതിനാൽ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ഡൽഹിയിൽ സുബൈറിനെതിരെയും കേസുണ്ട്.

തീവ്ര ഹിന്ദുത്വ നേതാക്കളായ സ്വാമി യതി നരസിംഹാനന്ദ്, ബജ്‌റംഗ് മുനി, ആനന്ദ് സ്വരൂപ് എന്നിവര്‍ നടത്തിയ മുസ്ലിം വിരുദ്ധ പരാമര്‍ശത്തിനെതിരെ മുഹമ്മദ് സുബൈര്‍ രംഗത്തുവന്നിരുന്നു. ഇവരെല്ലാം ശത്രുത പരത്തുകയാണെന്ന് സുബൈർ ട്വീറ്റ് ചെയ്തു. ഇത് മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്.