അമിത് ഷായുടെ മഫ്ലറിന് 80,000 രൂപയാണ് വിലയെന്ന് അശോക് ഗെഹ്ലോട്ട്

ജയ്പൂർ: ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി ധരിച്ച ടി ഷർട്ടിന്‍റെ വില സംബന്ധിച്ച ബി.ജെ.പിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ട്. അമിത് ഷായുടെ മഫ്ലറിന് 80,000 രൂപയാണ് വിലയെന്ന് ഗെഹ്ലോട്ട് ആരോപിച്ചു. ബിജെപി നേതാക്കൾ 2.5 ലക്ഷം രൂപ വിലമതിക്കുന്ന സൺ ഗ്ലാസുകളാണ് ധരിക്കുന്നതെന്നും ഗെഹ്ലോട്ട് പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്ക് ലഭിക്കുന്ന അസാധാരണമായ സ്വീകാര്യത ബി.ജെ.പിയെ അസ്വസ്ഥരാക്കുന്നുവെന്ന് ഗെഹ്ലോട്ട് പറഞ്ഞു.

“ഭാരത് ജോഡോ യാത്രയിൽ അവർക്ക് എന്താണ് പ്രശ്നം? 2.5 ലക്ഷം രൂപ വിലവരുന്ന സൺഗ്ലാസും 80,000 രൂപ വിലമതിക്കുന്ന മഫ്ലറും ധരിച്ചാണ് അവർ രാഹുൽ ഗാന്ധിയുടെ ടി-ഷർട്ടിനെക്കുറിച്ച് സംസാരിക്കുന്നത്. ആഭ്യന്തരമന്ത്രി ധരിക്കുന്ന മഫ്ലറിന്‍റെ വില 80,000 രൂപയാണ്,” ഗെഹ്ലോട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ടി ഷർട്ടിൽ ഉൾപ്പെടെ ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും ഗെഹ്ലോട്ട് ആരോപിച്ചു.