ചതുപ്പിലകപ്പെട്ട് അനങ്ങാനാവാതെ ആന; ന്യൂമാറ്റിക് ബാഗുമായെത്തി രക്ഷിച്ച് ഫയർ ഫോഴ്സ്

തിരുവനന്തപുരം : ചതുപ്പിലകപ്പെട്ട് തലപൊക്കാൻ കഴിയാതെ വിഷമിച്ച ആനയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൂടെ രക്ഷപെടുത്തി കേരള ഫയർ ഫോഴ്സ്. കാന്തല്ലൂർ ക്ഷേത്രത്തിലെ ശിവകുമാർ എന്ന 60വയസ്സുള്ള ആന അബദ്ധത്തിൽ പരിസരത്തെ ചതുപ്പിലേക്ക് വീഴുകയായിരുന്നു.

നാട്ടുകാരും, പാപ്പാൻമാരും ആനയെ രക്ഷപെടുത്താൻ പരമാവധി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ക്ഷേത്രഭാരവാഹികൾ വിവരമറിയിച്ചതോടെ തിരുവനന്തപുരം സ്റ്റേഷനിൽ നിന്നും എ.എസ്.ടി ഒ.വി വിജയന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ എത്തി.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥൻ ഷാഫി, അഭിലാഷ്, അൻഷാദ്, എം.വി. അനീഷ്, ജസ്റ്റിൻ എന്നിവരുടെ മണിക്കൂറുകൾ നീണ്ട ശ്രമഫലമായാണ് ആന രക്ഷപെട്ടത്. ന്യൂമാറ്റിക് ബാഗ് ഉപയോഗിച്ചായിരുന്നു രക്ഷാ പ്രവർത്തനം. ബാഗിൽ വായു നിറച്ച ശേഷം ആനയുടെ തലയോട് ചേർത്തുവച്ച് ഉയർത്തുകയായിരുന്നു.