ഇന്ത്യൻ ലൈബ്രറി കോൺഗ്രസ് ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ: ഗ്രന്ഥശാലകളിലൂടെ സമൂഹത്തിനാവശ്യമായ ഇടപെടലുകൾ നടത്താനും അറിവ് സമ്പാദിക്കുന്നതിലൂടെ ഇരുട്ടിന്‍റെ ശക്തികളെ പരാജയപ്പെടുത്താനും സമൂഹത്തിന് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ കളക്ടറേറ്റ് ഗ്രൗണ്ടിൽ നടന്ന പ്രഥമ ഇന്ത്യൻ ലൈബ്രറി കോൺഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമ്രാജ്യത്വത്തിനും ഫ്യൂഡലിസത്തിനുമെതിരായ പ്രസ്ഥാനത്തിന്‍റെ ഭാഗമായാണ് രാജ്യത്ത് ഗ്രന്ഥശാലകൾക്ക് തുടക്കമായത്. 1932-ൽ കണ്ണൂർ താഴെചൊവ്വയിൽ എകെജിയുടെ നേതൃത്വത്തിലാണ് ‘തൊഴിലാളി ലൈബ്രറി’ സ്ഥാപിതമായത്. അതിനടുത്തായുള്ള സ്കൂളിൽ എകെജി ഒരു അധ്യാപകനായിരുന്നു.

ജോലിയോടൊപ്പം വായനയിലൂടെ അറിവ് നേടിയ ബീഡിത്തൊഴിലാളികളെ മുഖ്യമന്ത്രി അനുസ്മരിച്ചു. ഗ്രന്ഥശാലകളിലൂടെ രൂപം കൊള്ളുന്ന നിരവധി പ്രാദേശിക സമൂഹങ്ങളുണ്ട്. ലൈബ്രറികളില്ലാത്ത വാർഡുകളിൽ ഒരു ലൈബ്രറി യാഥാർത്ഥ്യമാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.