കോർപ്പറേഷൻ വിവാദം; കത്ത് വ്യാജമെന്ന് മേയർ തന്നെ വ്യക്തമാക്കിയതായി എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ താൽക്കാലിക ഒഴിവുകളിലേക്ക് നിയമിക്കാൻ പാർട്ടി പ്രവർത്തകരുടെ ലിസ്റ്റ് ആവശ്യപ്പെട്ട വിവാദ കത്ത് എഴുതിയിട്ടില്ലെന്ന് മേയർ ആര്യ രാജേന്ദ്രൻ തന്നെ വ്യക്തമാക്കിയതായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കത്ത് വ്യാജമാണെന്ന് മേയർ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പിന്‍വാതിലിലൂടെ സി.പി.എമ്മുകാരെ ജോലി ഒഴിവുകളിൽ ഉൾപ്പെടുത്തുന്ന സമ്പ്രദായം പാർട്ടിക്കില്ല. പിന്നെ ഇതെങ്ങനെ സംഭവിക്കും? കത്ത് ലഭിച്ചിട്ടില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയും പറഞ്ഞു. ഇക്കാര്യത്തിൽ ആവശ്യമായ പരിശോധന നടത്തട്ടെ. ഈ വിഷയത്തിൽ സി.പി.എമ്മിനും ഇടതുമുന്നണിക്കുമെതിരെ വലിയ പ്രചാരണമാണ് നടക്കുന്നത്. സി.പി.എമ്മിന് ഒന്നും മറച്ചുവെക്കാനില്ല. കത്തെഴുതിയവരെ കണ്ടെത്തട്ടെ. 295 തസ്തികകളിലേക്കും എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തുമെന്ന് മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം മേയറെ കാണാനില്ലെന്ന ബി.ജെ.പിയുടെ വിമർശനം അദ്ദേഹം തള്ളി. കോഴിക്കോട് നിന്ന് മേയർ വന്നുകൊണ്ടിരിക്കുകയാണ്. മേയറെ കണ്ട ശേഷം ബിജെപി നിലപാട് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷനിൽ താൽക്കാലിക തസ്തികകളിലേക്ക് പാർട്ടി പ്രവർത്തകരെ നിയമിക്കുന്നതിന് മുൻഗണനാ പട്ടിക നൽകണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ എഴുതിയ കത്ത് പുറത്തുവന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി.