യാത്രക്കാരിക്ക് നേരെയുണ്ടായ സംഭവത്തിൽ എയര്‍ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് ഡിജിസിഎ

ന്യൂഡല്‍ഹി: വിമാനത്തിനുള്ളിലെ യാത്രക്കാരിയുടെ മേൽ മൂത്രമൊഴിക്കുകയും ലൈംഗിക ഭാഗങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്ത സംഭവം കൈകാര്യം ചെയ്യുന്നതിൽ എയർ ഇന്ത്യ പരാജയപ്പെട്ടതിനെതിരെ രൂക്ഷവിമർശനവുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ). എയർ ഇന്ത്യയുടെ പെരുമാറ്റം പ്രൊഫഷണലിസവുമായി പൊരുത്തപ്പെടാത്തതാണെന്നും ഇത് വ്യോമയാന സംവിധാനത്തിന്‍റെ പരാജയത്തിലേക്ക് നയിച്ചുവെന്നും ഡിജിസിഎ ചൂണ്ടിക്കാട്ടി.

നവംബർ 26 ന് ന്യൂയോർക്ക്-ഡൽഹി വിമാനത്തിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ, പൈലറ്റ്, വിമാനത്തിലെ മറ്റ് ക്രൂ അംഗങ്ങൾ എന്നിവർക്ക് ഡിജിസിഎ കാരണം കാണിക്കൽ നോട്ടീസ് നൽകി. രണ്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്നും വ്യക്തമാക്കി.

വിമാനത്തിലെ ബിസിനസ് ക്ലാസിലാണ് സംഭവം. വിമാനം ലാൻഡ് ചെയ്ത ശേഷം യാതൊരു നടപടിയും നേരിടാതെ അദ്ദേഹം വിമാനത്താവളത്തിൽ നിന്ന് ഇറങ്ങിപ്പോയി. ഒരാഴ്ചയായി എയർ ഇന്ത്യ അധികൃതർ സംഭവത്തെക്കുറിച്ച് പൊലീസിനെ അറിയിക്കുകയോ പരാതി നൽകുകയോ ചെയ്തില്ല. എയർ ഇന്ത്യ ചെയർമാൻ എൻ. ചന്ദ്രശേഖരനു നൽകിയ കത്ത് പുറത്തുവന്നതോടെയാണ് നടപടി ആരംഭിച്ചത്.