ഗവർണറുടെ അസാധാരണ നടപടി; ഇടപെടാൻ കഴിയാതെ സർക്കാർ

തിരുവനന്തപുരം: ഗവർണർ-കേരള സർവകലാശാല തർക്കം രൂക്ഷമായി തുടരുന്നു. തന്‍റെ നോമിനികളായ 15 സെനറ്റർമാരെ പിൻവലിച്ചുകൊണ്ട് ഗവർണർ അസാധാരണമായ നടപടിയാണ് ഇന്നലെ സ്വീകരിച്ചത്. നിലവിലെ സാഹചര്യം വൈസ് ചാൻസലർ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

ചട്ടപ്രകാരം സ്വീകരിച്ച നടപടിയായതിനാൽ സർക്കാരിന് ഇടപെടാൻ കഴിയില്ല. സി.പി.എമ്മിന്‍റെ തീരുമാനപ്രകാരമാണ് ചൊവ്വാഴ്ച ചേർന്ന സെനറ്റ് യോഗത്തിൽ നിന്ന് ഇടത് അംഗങ്ങൾ വിട്ടുനിന്നത്. ഗവർണർ കൂടുതൽ കടുത്ത നടപടി സ്വീകരിക്കുമെന്നത് സർക്കാരിനുള്ള മുന്നറിയിപ്പ് കൂടിയാണ്.

ഇത്രയധികം സെനറ്റർമാരെ ഒറ്റയടിക്ക് പിൻവലിക്കുന്നത് അസാധാരണ നടപടിയാണ്. ചാൻസലർക്ക് താൽപ്പര്യം നഷ്ടപ്പെട്ടാൽ അംഗങ്ങളെ പിൻവലിക്കാമെന്ന് ചട്ടത്തിൽ വ്യവസ്ഥയുണ്ട്. എന്നാൽ അപൂർവമായി പ്രയോഗിക്കുന്ന നടപടിയാണ് ഗവർണർ സ്വീകരിച്ചത്. വി.സി സെലക്ഷൻ കമ്മിറ്റിയിലേക്ക് സെനറ്റ് നോമിനിയെ നാമനിർദ്ദേശം ചെയ്യാനുള്ള ഗവർണറുടെ അന്ത്യശാസനം കേരള സർവകലാശാല നിരന്തരം തള്ളിക്കളയുകയാണ്. ചൊവ്വാഴ്ച ചേർന്ന സെനറ്റ് യോഗം ക്വാറം പൂർത്തിയാക്കാതെ പിരിഞ്ഞു. ഇടത് അംഗങ്ങൾക്കൊപ്പം ചാൻസലറുടെ നോമിനികളായ 15 പേരും യോഗത്തിൽ നിന്ന് വിട്ടുനിന്നു. ഇവരുടെ വിശദാംശങ്ങൾ വി.സിയിൽ നിന്ന് തേടിയ ശേഷമാണ് നടപടി സ്വീകരിച്ചത്.