പാക്കിസ്താന് ഇന്ധനം വിലകുറച്ച് നല്‍കുന്നില്ല; ഇമ്രാന്‍ ഖാന്റെ വാദം തള്ളി റഷ്യ

പാക്കിസ്ഥാൻ: കുറഞ്ഞ വിലയ്ക്ക് ഇന്ധനം കയറ്റുമതി ചെയ്യുന്നതിന് പാകിസ്ഥാനുമായി ഒരു കരാറിലും ഏർപ്പെട്ടിട്ടില്ലെന്ന് റഷ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻറെ വാദം റഷ്യ തള്ളി. പാകിസ്ഥാന് റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണയും ഗോതമ്പും വാങ്ങാമെന്നും അതിനായി കരാർ ഉണ്ടാക്കിയെന്നുമുള്ള ഇമ്രാൻ ഖാൻറെ അവകാശവാദങ്ങൾ ചർച്ചയായിരുന്നു. പാകിസ്താനിലെ റഷ്യൻ അംബാസഡർ ഡാനില ഗാനിച്ചാണ് ഈ ചോദ്യത്തിന് മറുപടി നൽകിയത്.

ഏപ്രിലിൽ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ഇമ്രാൻ ഖാൻ, തൻറെ സർക്കാർ റഷ്യയിൽ നിന്ന് വിലകുറഞ്ഞ എണ്ണ വാങ്ങിയെന്ന അവകാശവാദം നിരവധി തവണ ആവർത്തിച്ചിട്ടുണ്ട്. എണ്ണയും ഗോതമ്പും വിലക്കുറവിൽ വാങ്ങാൻ പാകിസ്ഥാനിലെ പുതിയ സർക്കാർ റഷ്യയുമായി ചർച്ച നടത്തുന്നുണ്ടെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

“റഷ്യ ഉക്രെയിനിനെ ആക്രമിച്ച അതേ ദിവസം തന്നെ മുൻ പ്രധാനമന്ത്രി മോസ്കോയിൽ ഉണ്ടായിരുന്നത് യാദൃശ്ചികമായിരുന്നു. റഷ്യ സന്ദർശിച്ചതിനാലാണ് ഇമ്രാൻ ഖാനെ പുറത്താക്കിയതെന്ന വാദത്തിന് അടിസ്ഥാനമില്ല. ആക്രമണത്തെക്കുറിച്ച് മുൻകൂട്ടി അറിഞ്ഞിരുന്നെങ്കിൽ ഇമ്രാൻ മോസ്കോയിൽ വരില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.