വിഴിഞ്ഞം സമരം മൂലമുള്ള നഷ്ടം ലത്തീൻ അതിരൂപതയിൽ നിന്നും ഈടാക്കണമെന്ന ശുപാർശ സർക്കാർ തള്ളി

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി വൈകുന്നതിൽ അദാനി ഗ്രൂപ്പിനും പങ്കുണ്ടെന്ന് തുറമുഖ മന്ത്രിയുടെ വിമർശനം. സമരം മൂലമുണ്ടായ നഷ്ടം ലത്തീൻ അതിരൂപതയിൽ നിന്ന് ഈടാക്കണമെന്ന വിഴിഞ്ഞം സീ പോർട്ട് ലിമിറ്റഡിന്‍റെ ശുപാർശ സർക്കാർ നടപ്പാക്കില്ല. വിസിലിന്‍റെ ശുപാർശയിൽ രൂപതയ്ക്ക് കടുത്ത അമർഷമുണ്ട്. പ്രശ്നം പരിഹരിക്കാൻ സർക്കാർ വ്യാഴാഴ്ച അദാനി ഗ്രൂപ്പുമായി ചർച്ച നടത്തുമെങ്കിലും സമരം പരിഹരിക്കാൻ കഴിയാത്തത് പ്രതിസന്ധി വർദ്ധിപ്പിക്കുന്നു.

സ്വപ്ന പദ്ധതിയിൽ നിലവിൽ വളരെയധികം അനിശ്ചിതത്വമാണ്. പദ്ധതിക്കെതിരെ ലത്തീൻ അതിരൂപത നടത്തുന്ന സമരം 54-ാം ദിവസത്തിലേക്ക് കടന്നു. നിർമാണം മുടങ്ങിയതിനെ തുടർന്ന് സർക്കാരിൽ നിന്ന് 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുന്ന അദാനി അടുത്ത വർഷം കപ്പലടുക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

സമരം വഴിയുള്ള പ്രതിസന്ധിയിൽ സർക്കാറിനെ സമ്മർദ്ദത്തിലാക്കുന്ന അദാനിയെ കരാർ പ്രകാരം 2019ൽ പണിതീരേണ്ടതായിരുന്നുവെന്ന കാര്യം തുറമുഖമന്ത്രി ഓർമ്മിപ്പിച്ചു. അദാനി
പലകാരണങ്ങൾ പറഞ്ഞ് പണി നീട്ടിക്കൊണ്ടുപോയത് ഉന്നയിച്ചാണ് സർക്കാറിന്റെ തിരിച്ചടി. കരാർ ലംഘനം കാണിച്ച് അദാനിയും സർക്കാറും നൽകിയ പരാതികൾ നേരത്തെ തന്നെ ആർബിട്രേഷന്റെ പരിഗണനയിലാണ്.

എരിതീയിൽ എണ്ണയൊഴിക്കുന്നതായതിനാൽ  വിസിലിന്റെ ശുപാർശ പരിഗണിക്കേണ്ടതില്ലെന്നാണ് സർക്കാറിന്റെ നിലപാട്.  പ്രതിഷേധക്കാരെ പിണക്കാതെ കോടതിയിലൂടെയും ചർച്ചയിലൂടെയും സമവായത്തിനുള്ള സാധ്യത സർക്കാർ തേടുന്നുണ്ട്.  അദാനിയുമായുള്ള ചർച്ചയിൽ കരാർ കാലാവധി നീട്ടുന്നതുൾപ്പെടെയുള്ള ധാരണയുണ്ടായാലും സമരം തീരുന്നതുവരെ പദ്ധതി ഒരിഞ്ച് മുന്നോട്ട് പോകില്ലെന്നതാണ് സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നത്.