വഴിയിൽ കിടന്ന പഴ്‌സിന് കാവൽ നിന്നു; ഉടമ എത്തിയപ്പോൾ തിരികെ നൽകി കുരുന്നുകൾ

വഴിയിൽ കിടന്ന തിരിച്ചറിയൽ രേഖകളും, പണവുമടങ്ങിയ പഴ്‌സ് ഉടമയുടെ കൈകളിൽ തിരികെ എത്തിച്ച് അഭിനന്ദനം നേടി കുരുന്നുകൾ. അന്തിക്കടവ് പുത്തൻ കോവിലകം കടവ് നിവാസിയായ നിസാറിന്റെയും, ബുസ്‌നയുടെയും മക്കളായ ആയിഷ തയ്ബ (9), നൂറിൻ ഐൻ (6) എന്നിവരാണ് ആ മിടുക്കികൾ.

മകളെയും കൊണ്ട് ബൈക്കിൽ സ്കൂളിലേക്ക് പോവുകയായിരുന്ന അന്തിക്കടവ് കുറ്റിപ്പറമ്പിൽ മനോജിന്റെ പഴ്‌സാണ് വഴിയിൽ വീണത്. സ്കൂളിലേക്കുള്ള പോവുകയായിരുന്ന കുട്ടികൾ പഴ്‌സ് കണ്ടു.

പേടികാരണം പഴ്‌സ് എടുക്കാൻ മടിച്ചെങ്കിലും, അത് വഴിയിൽ ഉപേക്ഷിച്ചു പോകാൻ തയ്യാറാകാത്ത കുട്ടികൾ പരിചയമുള്ള ആരെങ്കിലും വരുന്നത് വരെ കാത്ത് നിന്നു. ഒടുവിൽ മനോജ്‌ തിരികെ എത്തിയപ്പോൾ പഴ്‌സ് നഷ്ടപ്പെട്ട കാര്യം പറയുകയായിരുന്നു. എ.ടി.എം കാർഡുൾപ്പെടെ ഉണ്ടായിരുന്ന പഴ്‌സ് നഷ്ടപ്പെട്ടത് പോലും കുട്ടികൾ അറിയിച്ചപ്പോഴാണ് അദ്ദേഹം അറിഞ്ഞത്. അന്തിക്കാട് കെ.ജി. എം.സ്കൂളിലെ വിദ്യാർത്ഥികളാണ് ആയിഷയും, നൂറിനും.