സൗദിയിൽ തിങ്കൾ മുതൽ വിവിധ ഇടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് (തിങ്കൾ) മുതൽ കനത്ത മഴയ്ക്ക് സാധ്യത. ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിലെ സ്കൂളുകൾക്ക് നാളെ അവധിയായിരിക്കുമെന്ന് ജിദ്ദ വിദ്യാഭ്യാസ ഡയറക്ടറേറ്റ് വക്താവ് ഹമൂദ് അൽ സഖിറാൻ അറിയിച്ചു.

മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പിനെ തുടർന്നാണിത്. വിദ്യാർത്ഥികൾ നാളെ മദ്രസത്തി പ്ലാറ്റ്ഫോം വഴി ക്ലാസുകളിൽ പങ്കെടുക്കണമെന്ന് അധികൃതർ അറിയിച്ചു. മക്ക പ്രവിശ്യയിലെ ജിദ്ദ, റാബിഗ്, തായിഫ്, അൽ ജമും, അൽ കാമിൽ, ഖുലൈസ്, അൽ ലൈത്ത്, കുൻഫുദ, അൽ അർദിയാത്ത്, അദം മെയ്സാൻ മേഖലകളിൽ അടുത്ത വ്യാഴാഴ്ച വരെ മിതമായതോ അതിശക്തമായതോ ആയ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.  

മദീന പ്രവിശ്യയിലെ അൽ മഹ്ദ്, വാദി ഫറഹ്, അൽ ഹനാക്കിയ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിലും മിതമായ മഴ ലഭിക്കും. വടക്കൻ അതിർത്തിയിലെ റഫ്ഹ, ഹായിൽ മേഖലയിൽ ഹായിൽ, ബഖ, അൽ-ഗസാല, അൽ ഷനാൻ എന്നീ പ്രദേശത്തെ മിക്ക ഗവർണറേറ്റുകളും മഴ പെയ്യുന്ന പ്രദേശങ്ങളിൽ ഉൾപ്പെടുത്തും.