‘ആരുമില്ലെങ്കില്‍ മോദിക്കെതിരെ ഒറ്റയ്ക്ക് പോരാടും’

ന്യൂഡല്‍ഹി: പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഈ സാഹചര്യത്തിൽ മുതിർന്ന നേതാക്കളുടെ നീക്കങ്ങൾ പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ്. ഗുലാം നബി ആസാദും ആനന്ദ് ശർമ്മയും തങ്ങളുടെ ചുമതലകളിൽ നിന്ന് രാജിവെച്ചത് അപ്രതീക്ഷിതമായിരുന്നു. ഹൈക്കമാൻഡിന്‍റെ തീരുമാനത്തെ നേതാക്കൾ വിലമതിക്കാത്ത സാഹചര്യം വലിയ തിരിച്ചടിയാകുമെന്ന് ഗാന്ധി കുടുംബത്തിന് ബോധ്യമുണ്ട്.

ഈ സാഹചര്യത്തിൽ അടുത്ത അധ്യക്ഷൻ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് വരണമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ നിലപാട്. സോണിയ ഗാന്ധിയും തുടരില്ലെന്ന് സൂചന നൽകിയതായാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിലാണ് വിമത നേതാക്കൾക്ക് ശക്തമായ താക്കീതുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്.

നരേന്ദ്ര മോദി സർക്കാരിനെതിരെ ഒറ്റയ്ക്ക് പോരാടാൻ തയ്യാറാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തന്‍റെ കൂടെ ആരുമില്ലെങ്കിലും പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ ഏഴിന് കോണ്‍ഗ്രസ് ആരംഭിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണ തേടി നടന്ന ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.