റിസർവ് വനത്തിൽ അനധികൃതമായി വീഡിയോ ചിത്രീകരണം; വ്‌ളോഗർക്കെതിരെ കേസ്

റിസർവ് വനത്തിൽ അനധികൃതമായി വീഡിയോ ചിത്രീകരിച്ച വനിതാ വ്ലോഗർക്കെതിരെ കർശന നടപടിക്കൊരുങ്ങുകയാണ് വനംവകുപ്പ്. സൈബർ സെല്ലിന്‍റെ സഹായത്തോടെ അമല അനുവിനെ അറസ്റ്റ് ചെയ്യാനാണ് നീക്കം.

ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും അമല ഹാജരാകാത്തതിനെ തുടർന്നാണ് നടപടി. അന്വേഷണ ഉദ്യോഗസ്ഥൻ പുനലൂർ ഫോറസ്റ്റ് കോടതിയിൽ വിശദമായ റിപ്പോർട്ട് സമർപ്പിച്ചു. മാമ്പഴത്തറ റിസർവ് വനത്തിൽ ഹെലിക്യാം ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയതിനും കാട്ടനായെ വിരട്ടിയോടിച്ചതിനും ആണ് കേസെടുത്തത്. അമല അനു ഒളിവിലാണെന്ന് വനംവകുപ്പ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് കൊല്ലം കുളത്തൂപ്പുഴയിൽ വനത്തിൽ അതിക്രമിച്ചുകയറി കാട്ടാനകളെ പ്രകോപിപ്പിക്കുന്ന വീഡിയോ ചിത്രീകരിച്ചതിന് യൂട്യൂബർക്കെതിരെ കേസെടുത്തത്. കിളിമാനൂർ സ്വദേശി അമല അനുവിനെതിരെയാണ് വനംവകുപ്പ് കേസെടുത്തത്. ദൃശ്യങ്ങൾ പകർത്തുന്നതിനിടെ യൂട്യൂബറെ കാട്ടാന ഓടിക്കുകയായിരുന്നു.