ശ്രീലങ്കയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി

തിരുവനന്തപുരം: ശ്രീലങ്കയിലെ സ്ഥിതിഗതികൾ ഇന്ത്യ നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞു. ഇന്ത്യ എല്ലായ്പ്പോഴും ശ്രീലങ്കയെ സഹായിച്ചിട്ടുണ്ട്. അത് തുടരും. പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് ശ്രീലങ്ക. ഇന്ത്യയിലേക്ക് അഭയാർഥികളുടെ ഒഴുക്കുണ്ടാകുമോ എന്ന ആശങ്കയില്ലെന്നും ജയശങ്കർ പറഞ്ഞു.

ബി.ജെ.പി പ്രവർത്തകരുമായി സംവദിക്കാൻ എത്തിയതായിരുന്നു വിദേശകാര്യ മന്ത്രി. കുറച്ചു നാളിന് ശേഷമാണ് ഞാൻ കേരളത്തിലേക്ക് വരുന്നത്. തിരുവനന്തപുരത്തെ സഹപ്രവർത്തകരെ സന്ദർശിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. കുറച്ച് ദിവസം അവരോടൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ശ്രീലങ്കയിലെ ജനങ്ങളുടെ പ്രതിഷേധം കഴിഞ്ഞ ദിവസമാണ് അതിന്‍റെ പാരമ്യത്തിലെത്തിയത്. പ്രതിഷേധക്കാർ ഔദ്യോഗിക വസതി പിടിച്ചെടുത്തതിനെ തുടർന്ന് ഒളിവിൽ പോയ ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതാബയ രാജപക്സെ രാജ്യം വിട്ടതായാണ് റിപ്പോർട്ട്. ബുധനാഴ്ച ഗോതാബയ രാജിവയ്ക്കുമെന്ന് സ്പീക്കർ മഹിന്ദ അബൈവര്‍ധന പറഞ്ഞു. സ്പീക്കർ ഇടക്കാല പ്രസിഡന്‍റാകാനും 30 ദിവസത്തിനുള്ളിൽ പുതിയ സർക്കാർ രൂപീകരിക്കാനും ധാരണയായി.