അതിജീവിതയെ അപമാനിക്കുന്നത്; രണ്ട് വിരല്‍ പരിശോധന വിലക്കി സുപ്രീം കോടതി

ന്യൂഡൽഹി: ബലാത്സംഗ കേസുകളിലെ രണ്ട് വിരൽ പരിശോധനയ്ക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സുപ്രീം കോടതി നിർദേശം നൽകി. പരിശോധന നടത്തുന്നവർക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാനാണ് നിർദേശം. ബലാത്സംഗക്കേസിലെ അതിജീവിതയെ വീണ്ടും പീഡിപ്പിക്കുന്നതാണ് ടു ഫിംഗർ ടെസ്റ്റ് എന്ന് കോടതി നിരീക്ഷിച്ചു.

മെഡിക്കൽ കോളേജുകളുടെ പാഠ്യപദ്ധതിയിൽ നിന്ന് രണ്ട് വിരൽ പരിശോധന സംബന്ധിച്ച ഭാഗം നീക്കം ചെയ്യാനും സുപ്രീം കോടതി നിർദേശം നൽകി. അശാസ്ത്രീയമായ ഈ പരിശോധന ഇപ്പോഴും തുടരുന്നത് ഖേദകരമാണെന്ന് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

ഈ പരിശോധന അശാസ്ത്രീയമാണെന്ന് കോടതി നേരത്തെയും വിധിച്ചിരുന്നുവെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ബലാത്സംഗക്കേസിൽ അതിജീവിതയുടെ ലൈംഗിക പശ്ചാത്തലത്തിന് പ്രസക്തിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. രണ്ട് വിരൽ പരിശോധന നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും സുപ്രീം കോടതി നിർദേശം നൽകി.