ഐടി നിയമഭേദ​ഗതി; സർക്കാരും കമ്പനികളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുമെന്ന് മന്ത്രി

ന്യൂഡൽഹി: സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ഇന്‍റർനെറ്റിലേക്കുള്ള ചുവടുവയ്പ്പാണ് ഐടി നിയമ ഭേദ​ഗതിയെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഗവൺമെൻ്റും സോഷ്യൽ മീഡിയ കമ്പനികളും തമ്മിലുള്ള പുതിയ സഹകരണം മെച്ചപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഐടി നിയമത്തിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു.

സോഷ്യൽ മീഡിയയെ ഇന്ത്യൻ നിയമങ്ങൾക്ക് കീഴിൽ കൊണ്ടുവരുന്നതിന്‍റെ ഭാഗമായാണ് നടപടി. നിയമം ഉപയോക്താക്കളെ ശാക്തീകരിക്കുന്നുവെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
ഭേദഗതിയിലൂടെ സോഷ്യൽ മീഡിയയിലെ പരാതികൾ പരിഹരിക്കാൻ സർക്കാർ തലത്തിൽ സമിതി രൂപീകരിക്കും.

മൂന്ന് മാസത്തിനകം പരാതി പരിഹാര സമിതികൾ നടപ്പാക്കും. ഉപയോക്താക്കളുടെ സുരക്ഷ കണക്കിലെടുത്താണ് പരാതി പരിഹാര സമിതികൾ കൊണ്ടുവരുന്നതെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. നേരത്തെ, സോഷ്യൽ മീഡിയയെ നിയന്ത്രിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ട്വിറ്റർ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയകൾ കടുത്ത വിമർശനം നടത്തിയിരുന്നു.