ശൈത്യം അതിരൂക്ഷം; 4 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ റെഡ് അലർട്ട്

ന്യൂഡൽഹി: മഞ്ഞും തണുപ്പും കൂടിയതോടെ ഡൽഹി, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് റെഡ് അലർട്ടും നാളെയും മറ്റന്നാളും ഓറഞ്ച് അലർട്ടുമുണ്ട്. കാഴ്ച പരിധി കുറഞ്ഞതിനാൽ വ്യോമ, റെയിൽ, റോഡ് ഗതാഗതം താറുമാറായി. ഡൽഹി, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ പകൽ താപനില 10 ഡിഗ്രി സെൽഷ്യസിൽ താഴെയാണ് രേഖപ്പെടുത്തിയത്.

കനത്ത മൂടൽമഞ്ഞ് കാരണം ഉത്തർപ്രദേശ്, അസം, ബംഗാൾ, ജമ്മു കശ്മീർ, മധ്യപ്രദേശ്, ബീഹാർ എന്നിവിടങ്ങളിൽ കാഴ്ച പരിധി കുറഞ്ഞു. ചണ്ഡിഗഡ്, വാരണാസി, ലഖ്നൗ വിമാനത്താവളങ്ങളിലേക്കുള്ള വിമാനങ്ങൾ രാവിലെ മറ്റ് സ്ഥലങ്ങളിലേക്ക് തിരിച്ചുവിട്ടു. മൂന്ന് വിമാനങ്ങളാണ് ഡൽഹിയിൽ ഇറങ്ങിയത്.

ഡൽഹിയിലേക്ക് പോകേണ്ട 30 ഓളം ട്രെയിനുകൾ മൂന്ന് മണിക്കൂർ വരെ വൈകി. നോയിഡ ഡിപ്പോയിൽ നിന്നുള്ള ബസ് സർവീസുകൾ രാത്രി 9 മുതൽ രാവിലെ 7 വരെ നിർത്തിവെച്ചു. സർവീസ് ഉള്ളപ്പോൾ വേഗപരിധി മണിക്കൂറിൽ 75 കിലോമീറ്ററായി ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്. നുഴഞ്ഞുകയറ്റ സാധ്യത കണക്കിലെടുത്ത് വാഗാ-അട്ടാരി അതിർത്തി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.