കരുവന്നൂർ ബാങ്ക് ക്രമക്കേട് നടത്തിയത് സിപിഎം അറിവോടെയെന്ന് പതിമൂന്നാം പ്രതി

തൃശൂർ: കരുവന്നൂർ ബാങ്ക് ക്രമക്കേട് നടത്തിയത് സി.പി.എമ്മിന്‍റെ അറിവോടെയാണെന്ന് പതിമൂന്നാം പ്രതി ജോസ് ചക്രമ്പള്ളി. ഏരിയാ സെക്രട്ടറി പ്രേമരാജിന് എല്ലാം അറിയാമായിരുന്നു. 14 വർഷം മുമ്പാണ് തട്ടിപ്പ് ആരംഭിച്ചത്. 2019 ൽ അദ്ദേഹം നേതൃത്വത്തിന് പരാതി നൽകിയെങ്കിലും യോഗം വിളിക്കുകയല്ലാതെ മറ്റ് നടപടികളൊന്നും ഉണ്ടായില്ല. മുൻ സെക്രട്ടറി സുനിൽ കുമാറിനും ക്രമക്കേടിൽ പങ്കുണ്ടെന്ന് ജോസ് പറഞ്ഞു.

2006 മുതൽ 2016 വരെയാണ് തട്ടിപ്പ് നടന്നത്. പിന്നീട് അടവുകള്‍ കുറഞ്ഞു. 2017 ൽ പുതുക്കൽ വന്നപ്പോൾ സംശയം തോന്നി. ഞാൻ ബാങ്ക് പ്രസിഡന്‍റിനോട് ഇക്കാര്യം പറഞ്ഞപ്പോൾ, ഇത് ഇങ്ങനെയാണ് നടക്കൂ എന്നാണ് അദ്ദേഹം പറഞ്ഞത്. സുനിൽകുമാറിന്‍റെ പെരുമാറ്റം മോശമാണ്. അദ്ദേഹത്തിന് താൽപ്പര്യമുള്ളവരെ മാത്രമേ ഹെഡ് ഓഫീസിൽ നിർത്തൂ. ബാക്കിയുള്ളവരെ സ്ഥലംമാറ്റും. മോശം പെരുമാറ്റത്തെ തുടർന്ന് വനിതാ ഉദ്യോഗസ്ഥർ പലപ്പോഴായി കരയുന്നത് കണ്ടിട്ടുണ്ടെന്നും ജോസ് പറഞ്ഞു.

കരുവന്നൂർ ബാങ്കിലെ നിക്ഷേപങ്ങളിൽ മാത്രമല്ല പ്രതിമാസ നിക്ഷേപ പദ്ധതിയിലും വൻ തിരിമറി നടന്നതായി കണ്ടെത്തിയിരുന്നു. ബാങ്കുകൾക്ക് നേരിട്ട് ചിട്ടി നടത്താൻ കഴിയാത്തതിനാൽ പ്രതിമാസ ഡെപ്പോസിറ്റ് സ്കീം എന്ന പേരിൽ ബാങ്ക് ചിട്ടി പോലുള്ള സ്കീം നടത്തിയിരുന്നു. ഇതിൽ കോടികളുടെ തട്ടിപ്പും തിരിമറിയുമാണ് നടന്നത്.