ലോകകപ്പിലെ തോൽവി; ഫെര്‍ണാണ്ടോ സാന്റോസ് പോര്‍ച്ചുഗല്‍ പരിശീലക സ്ഥാനം ഒഴിഞ്ഞു

ലിസ്ബണ്‍: മൊറോക്കോയ്ക്കെതിരായ ലോകകപ്പ് ക്വാർട്ടർ ഫൈനൽ തോൽവിക്ക് പിന്നാലെ പോർച്ചുഗലിന്‍റെ പരിശീലക സ്ഥാനം ഫെർണാണ്ടോ സാന്റോസ് രാജിവച്ചു. പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ സാന്റോസ് പരിശീലക സ്ഥാനം ഒഴിയുന്ന വാർത്ത സ്ഥിരീകരിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിലിരുത്തിയതിനും പിന്നാലെ മൊറോക്കോയോട് പരാജയപ്പെടുകയും ചെയ്തതിനെതിരെ വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് സാന്‍റോസിന്‍റെ രാജി.

മൊറോക്കോയോട് തോറ്റതിന് ശേഷം സാന്‍റോസ് കടുത്ത വിമർശനം നേരിട്ടിരുന്നു. ക്വാർട്ടർ ഫൈനലിലും റൊണാൾഡോയെ ബെഞ്ചിലിരുത്താനുള്ള സാന്‍റോസിന്‍റെ തീരുമാനത്തോട് അധികമാരും യോജിച്ചില്ല. പോർച്ചുഗലിന്‍റെ ലൂയിസ് ഫിഗോയും തീരുമാനത്തെ വിമർശിച്ചവരിൽ ഉൾപ്പെടുന്നു. ക്രിസ്റ്റ്യാനോയെ ബെഞ്ചിലിരുത്തിയത് തെറ്റാണെന്നും പരിശീലകനെയും ടീം മാനേജ്മെന്‍റിനെയും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാക്കാനാവില്ലെന്നും ഫിഗോ പറഞ്ഞു.

പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ പങ്കുവെച്ച വീഡിയോയിൽ, ഇതുവരെ തനിക്കൊപ്പം നിന്ന എല്ലാവരോടും വളരെയധികം നന്ദിയോടെയാണ് സ്ഥാനമൊഴിയുന്നതെന്ന് സാന്‍റോസ് പറയുന്നത് കേൾക്കാം. 2014 ലാണ് സാന്‍റോസ് പോർച്ചുഗൽ പരിശീലകനായി ചുമതലയേറ്റത്. യൂറോ 2016 ലും പിന്നീട് 2019 ൽ നേഷൻസ് ലീഗിലും പോർച്ചുഗലിനെ വിജയത്തിലേക്ക് നയിച്ചത് സാന്‍റോസ് ആയിരുന്നു.