സംസ്ഥാനത്ത് സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയിൽ

കോഴിക്കോട്: മതിയായ ഫണ്ട് ലഭിക്കാത്തതിനാൽ സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയില്‍. സ്വന്തം കൈയിൽ നിന്ന് പണം ചെലവഴിച്ച് സ്കൂളുകളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യണ്ട അവസ്ഥയിലാണ് പ്രധാനാധ്യാപകർ. മതിയായ ഫണ്ട് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് കലാ-കായിക മേളകൾ നടത്തുന്നതിൽ നിന്ന് വിട്ടുനിൽക്കാനാണ് പ്രധാനാധ്യാപകരുടെ സംഘടനയുടെ തീരുമാനം.

2016ലാണ് സ്കൂൾ വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണത്തിന് വില നിശ്ചയിച്ചത്. 150 വിദ്യാർത്ഥികളുള്ള സ്കൂളിൽ ഉച്ചഭക്ഷണത്തിന് ഒരു വിദ്യാർത്ഥിക്ക് 8 രൂപയാണ് സർക്കാർ അനുവദിക്കുന്നത്. ഈ തുക ഉപയോഗിച്ച്, ഉച്ചഭക്ഷണം മാത്രമല്ല, പാൽ, മുട്ട എന്നിവയും ആഴ്ചയിൽ രണ്ട് തവണ കുട്ടികൾക്ക് നൽകണം. ഇതിന്‍റെ എല്ലാ ഉത്തരവാദിത്തവും സ്കൂളുകളിലെ പ്രധാനാധ്യാപകര്‍ക്ക് നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് പച്ചക്കറികളുടെയും ഗ്യാസിന്‍റെയും വില പലമടങ്ങ് വർദ്ധിച്ചിട്ടുണ്ടെങ്കിലും ഉച്ചഭക്ഷണത്തിന് മാത്രം സർക്കാർ നൽകുന്ന തുകയിൽ മാറ്റമുണ്ടായിട്ടില്ല. കുട്ടികൾക്കുള്ള ഉച്ചഭക്ഷണം മുടങ്ങാതിരിക്കാൻ ശമ്പളത്തില്‍ നിന്നും ഒരു വിഹിതം മാറ്റി വെക്കുകയാണ് പ്രധാന അധ്യാപകര്‍.