ചെങ്ങറ ഭൂസമരക്കാര്‍ക്ക് നല്‍കിയ ഭൂമിയില്‍ ഭൂരിപക്ഷവും വാസയോഗ്യമല്ല; സമ്മതിച്ച് സര്‍ക്കാര്‍

ചെങ്ങറ: ചെങ്ങറ ഭൂസമരക്കാർക്ക് നൽകിയ ഭൂരിഭാഗം ഭൂമിയും വാസയോഗ്യമല്ലെന്ന് സംസ്ഥാന സർക്കാർ സമ്മതിച്ചു. 945 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കിയെങ്കിലും 181 കുടുംബങ്ങള്‍ മാത്രമാണ് ഭൂമിയില്‍ താമസിക്കുന്നത്. പകരം നൽകാൻ ഭൂമിയില്ലെന്ന് സർക്കാർ വ്യക്തമാക്കി. ഇതേ തുടര്‍ന്ന്, അനുവദിച്ച ഭൂമിയില്‍ മാറ്റം വരുത്തി വാസയോഗ്യമാക്കാന്‍ കഴിയുമോയെന്ന് പഠിക്കാന്‍ സംസ്ഥാന, ജില്ലാ സമിതികളെ സര്‍ക്കാര്‍ നിയോഗിച്ചു.

2009ൽ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ് സമരക്കാരുമായി ചർച്ച നടത്തുകയും ഭൂമി നൽകാനുള്ള വ്യവസ്ഥ ഉണ്ടാക്കുകയും ചെയ്തത്. ഇതനുസരിച്ച് 2010 ജനുവരിയിൽ ഭൂമി വിതരണത്തിനായി ഉത്തരവിറക്കി. പുനരധിവാസ പാക്കേജിന് കീഴിൽ 1,495 ഭൂരഹിത കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിനായി 10 ജില്ലകളിലായി 831 ഏക്കർ ഭൂമി അനുവദിക്കാൻ ഉത്തരവിറക്കി. 945 കുടുംബങ്ങൾക്ക് പട്ടയം നൽകി. എന്നാൽ ഭൂരിഭാഗം കുടുംബങ്ങളും ഭൂമി വാസയോഗ്യമല്ലെന്നും കൃഷിയോഗ്യമല്ലെന്നും കണ്ട് മടങ്ങി. നിലവിൽ 181 കുടുംബങ്ങൾ മാത്രമാണ് അനുവദിച്ച ഭൂമി ഉപജീവനത്തിനോ കൃഷിക്കോ ഉപയോഗിക്കുന്നതെന്ന് സർക്കാർ കണ്ടെത്തി.

ഇതിന് പകരമായി ഭൂമി അനുവദിക്കാന്‍ പുറമ്പോക്ക്, മിച്ചഭൂമി ഇനത്തില്‍ സര്‍ക്കാരിന്റെ പക്കല്‍ ഭൂമിയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് വാസയോഗ്യമല്ലാത്ത ഭൂമിയിൽ മാറ്റങ്ങൾ വരുത്താനും അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്താനും സർക്കാർ തീരുമാനിച്ചത്. റോഡും കുടിവെള്ളവും വൈദ്യുതിയും എത്തിക്കുക, പാർപ്പിടം നിർമ്മിക്കുക, കൃഷിക്ക് അനുയോജ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നടപടി.