ഷാജന്‍ സ്‌കറിയക്ക് ജാമ്യമില്ല, കീഴടങ്ങണമെന്ന് ഹൈക്കോടതി

കൊച്ചി: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഷാജന്‍ സ്‌കറിയ കീഴടങ്ങണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. എറണാകുളം സെഷന്‍സ് കോടതി വിധി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശരിവെക്കുകയായിരുന്നു. ജസ്റ്റിസ് വി ജി അരുണിന്റേതാണ് വിധി. അതേസമയം ഷാജന്‍ സ്‌കറിയ ഇപ്പോഴും ഒളിവെലെന്നാണ് സൂചന.

വ്യാജവാര്‍ത്ത നല്‍കി തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന പി വി ശ്രീനിജിന്‍ എം എല്‍ എയുടെ പരാതിയിലാണ് പട്ടികജാതി അതിക്രമം തടയല്‍, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവപ്രകാരം പോലീസ് ഷാജനെതിരെ കേസെടുത്തത്. ഇതിന് പിന്നാലെ ഷാജന്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിക്കുകയായിരുന്നു. ഷാജന്‍ സ്‌കറിയ നടത്തുന്നത് മാധ്യമ പ്രവര്‍ത്തനമല്ലെന്ന് കേസില്‍ വാദം കേള്‍ക്കുമ്പോള്‍ കോടതി വിമര്‍ശിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധിവരുന്നതുവരെ അറസ്റ്റ് തടയണമെന്ന ഷാജന്റെ ആവശ്യവും കോടതി നിരസിച്ചിരുന്നു. ഇതോടെയാണ് ഷാജന്‍ ഒളിവില്‍പ്പോയത്.

ജൂണ്‍ 29ന് ഷാജന്‍ സ്‌കറിയയോട് ഇഡിക്ക് മുമ്പില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നതാണ്. കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്നായിരുന്നു ഷാജന്‍ സ്‌കറിയക്ക് ഇഡി നോട്ടീസ് നല്‍കിയത്. എന്നാല്‍ ഒളിവില്‍ പോയ ഷാജന്‍ സ്‌കറിയ ഹാജരായില്ല. വിദേശനാണ്യ വിനിമയ നിയന്ത്രണ ചട്ടപ്രകാരം (ഫെമ) ഹാജരാകാനായിരുന്നു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടത്. ഷാജന് വീണ്ടും നോട്ടീസ് അയയ്ക്കുമെന്ന് ഇഡി അറിയിച്ചിട്ടുണ്ട്.