കാലാവസ്ഥാ വ്യതിയാനം നേരിടാൻ നിയമനിർമാണത്തിനൊരുങ്ങി ഒമാൻ

മ​സ്ക​ത്ത്​: കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം തുടങ്ങിയ ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളെ നേരിടാനുള്ള നടപടികളുടെ ഭാഗമായി ഒമാൻ നിയമനിർമ്മാണം നടത്താൻ ഒരുങ്ങുന്നു. പരിസ്ഥിതി സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രവർത്തനങ്ങൾക്കെതിരെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ എ​ടു​ക്കാ​നാ​കു​ന്ന വ്യ​വ​സ്ഥ​ക​ൾ ശ​ക്ത​മാ​ക്കി​യു​ള്ള നി​യ​മ​മാ​ണ്​ അ​ണി​യ​റ​യി​ലൊ​രുങ്ങു​ന്ന​തെ​ന്ന്​ ഉ​ന്ന​ത വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ഇതിനായി ബന്ധപ്പെട്ട വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് പ്രവർത്തിക്കും.

കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും കാരണം രാജ്യം നേരിടുന്ന വെല്ലുവിളികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണിത്. അന്താരാഷ്ട്ര തലത്തിലും പ്രാദേശിക തലത്തിലും മേഖലയിൽ നടക്കുന്ന പ്രവർത്തനങ്ങൾ ഒമാൻ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു. നിയമനിർമ്മാണവുമായി ബന്ധപ്പെട്ട് കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും സംബന്ധിച്ച കരട് ദേശീയ നയം തയ്യാറാക്കി വരികയാണ്. പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞാ​ൽ
ഇ​തിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും​ രാ​ജ്യ​ത്തെ എ​ല്ലാ പ​ദ്ധ​തി​ക​ളു​ടെ​യും പ​രി​പാ​ടി​ക​ളു​ടെ​യും രൂ​പ​രേ​ഖ ത​യാ​റാ​ക്കു​ക. 2030 ഓടെ രാജ്യത്തെ കാർബൺ ബഹിർഗമനം 7 ശതമാനമായി കുറയ്ക്കുന്നതിനുള്ള ക​ർ​മ​പ​ദ്ധ​തി​ക​ൾ​ക്കും ഈ ​ദേ​ശീ​യ​ ന​യ​മാ​യി​രി​ക്കും അ​ടി​സ്ഥാ​ന​മാ​കു​ക.

കാലാവസ്ഥാ വ്യതിയാനവും ഓസോൺ പാളി സംരക്ഷണവും സംബന്ധിച്ച മന്ത്രിതല സമിതിയാണ് ഇതിന് നേതൃത്വം നൽകുക. പരിസ്ഥിതി അതോറിറ്റി ഉൾപ്പെടെയുള്ള പൊതു, സ്വകാര്യ മേഖലകളിലെ സാങ്കേതിക വിദഗ്ധർ ഈ ദൗത്യത്തിൽ പങ്കാളികളാകും. പാരിസ്ഥിതിക സംരക്ഷണം, പാരമ്പര്യേതര ഊർജ്ജം എന്നിവ സംബന്ധിച്ച ഒമാൻ വിഷൻ 2040 ന്‍റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള നടപടികളും ഇവർ നിർദ്ദേശിക്കും. മറ്റ് രാജ്യങ്ങളിൽ നിലനിൽക്കുന്ന നിയമങ്ങളും നയങ്ങളും സമിതി പഠിക്കും.