നെറ്റ്ഫ്ലിക്‌സിൽ സൂപ്പർ ഹിറ്റായി സേതുരാമയ്യർ; ലോക സിനിമകളിൽ നാലാമത്

മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിൽ ഒന്നായ സേതുരാമൻ അയ്യർ സി.ബി.ഐയുടെ അഞ്ചാം വരവ് സിനിമാപ്രേമികൾ ആഘോഷമാക്കിയിരുന്നു. തിയേറ്റർ റിലീസിന് ശേഷം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തതിന് പുറകെ വലിയ ട്രോൾ ആക്രമണമാണ് ‘സിബിഐ 5; ബ്രെയ്നിന്’ നേരിടേണ്ടി വന്നത്. മമ്മൂട്ടിയുടെ കൈകെട്ട് മുതൽ സൗബിന്റെ കഥാപാത്രം വരെ ട്രോളിംഗ് വിഷയമായി മാറിയിരിക്കുകയാണ്. എന്നാൽ ഈ ട്രോളുകളൊന്നും സി.ബി.ഐ 5നെ ബാധിച്ചിട്ടില്ല. നെറ്റ്ഫ്ലിക്സിലെ ഏറ്റവും വലിയ ഹിറ്റായിരിക്കുകയാണ് മമ്മൂട്ടി ചിത്രം. 

ജൂൺ 13 മുതൽ ജൂൺ 19 വരെയുള്ള കണക്കിൽ സി.ബി.ഐ 5 ലോകസിനിമകളിൽ നാലാം സ്ഥാനത്താണ്. സിബിഐ 5 റിലീസ് ചെയ്ത ശേഷം തുടർച്ചയായ രണ്ടാം ആഴ്ചയും നാലാം സ്ഥാനത്ത് തുടർന്നു. റിലീസ് ചെയ്ത് 8 ദിവസത്തിനുള്ളിൽ 28.8 ലക്ഷത്തിലധികം വ്യൂസ് ആണ് ചിത്രം നേടിയത്. ഗൾഫ് രാജ്യങ്ങളിലും പാകിസ്ഥാൻ, മാലിദ്വീപ്, മലേഷ്യ, സിംഗപ്പൂർ, ശ്രീലങ്ക എന്നിവിടങ്ങളിലും സി.ബി.ഐ 5 ട്രെൻഡിംഗ് ആണ്. ദാ റോത്ത് ഓഫ് ഗോഡ്, സെൻതൗറോ, ഹേർട്ട് പരേഡ് എന്നീ ചിത്രങ്ങളാണ് സിബിഐ 5നു മുന്നിലുള്ളത്. ബോളിവുഡിൽ വൻ ഹിറ്റായ ഭൂൽ ഭുലൈയാ 2വും പട്ടികയിലുണ്ട്. ഈ ആഴ്ച ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ് ചിത്രം.

കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് എസ്എൻ സ്വാമിയാണ്. മലയാള ക്രൈം സിനിമകളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഫ്രാഞ്ചൈസികളിലൊന്നാണ് സി.ബി.ഐ സീരീസ്. മുകേഷ്, സായ്‍കുമാര്‍, രണ്‍ജി പണിക്കര്‍, ആശ ശരത്ത്, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, അനൂപ് മേനോന്‍ തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. സേതുരാമൻ അയ്യരുടെ സി.ബി.ഐ ടീം അംഗമായ വിക്രം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ജഗതിയും ക്യാമറയ്ക്ക് മുന്നിൽ എത്തിയിരുന്നു.