സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാസ്ക്കും സാനിറ്റൈസറും നിർബന്ധമാക്കി ഉത്തരവ് 

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോൽസവത്തിൽ മാസ്ക്കും സാനിറ്റൈസറും നിർബന്ധമാക്കികൊണ്ട് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. മേളയിൽ പങ്കെടുക്കുന്ന എല്ലാവർക്കും മാസ്കും സാനിറ്റൈസറും ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി നിർദേശം നൽകി. ജനുവരി മൂന്നിന് രാവിലെ 8.30ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തും. രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ആദ്യ ദിനം 23 ഇനങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. ആദ്യ ദിവസം എല്ലാ വേദികളിലും രാവിലെ 11 മണിക്കും മറ്റ് ദിവസങ്ങളിൽ രാവിലെ 9 മണിക്കും മത്സരങ്ങൾ ആരംഭിക്കും. കോടതി അപ്പീൽ വിധി ഇല്ലാതെ 14,000 പേർ മേളയിൽ പങ്കെടുക്കും. സംസ്കൃതോത്സവം, അറബി കലോത്സവം എന്നിവയും ഇതോടൊപ്പം നടക്കും.

എ ഗ്രേഡ് നേടുന്ന വിദ്യാർത്ഥികൾക്ക് 1,000 രൂപയുടെ ഒറ്റത്തവണ സ്കോളർഷിപ്പ് നൽകും. അടുത്ത തവണ തുക വർദ്ധിപ്പിക്കും. ജനുവരി രണ്ടിന് രജിസ്ട്രേഷൻ ആരംഭിക്കും. മോഡൽ സ്കൂളാണ് രജിസ്ട്രേഷൻ കേന്ദ്രം. ഓരോ ജില്ലയ്ക്കും ഒരു കൗണ്ടർ സ്ഥാപിക്കും.  കലാകാരൻമാരുടെ യാത്രയ്ക്കായി 30 കലോൽസവ വണ്ടികളും ഒരുക്കും.  എല്ലാ തയ്യാറെടുപ്പുകളും നാളെ വൈകുന്നേരത്തോടെ പൂർത്തിയാകും.

റൂട്ട് മാപ്പ് മത്സര വേദികളിൽ പ്രദർശിപ്പിക്കും. മലബാർ ക്രിസ്ത്യൻ കോളേജിലാണ് റെസ്റ്റോറന്‍റ് സ്ഥാപിച്ചിരിക്കുന്നത്. ഒരു സമയം 2,000 പേർക്ക് കഴിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. മത്സരത്തിന്‍റെ ഫലങ്ങൾ വേദിക്ക് സമീപം പ്രദർശിപ്പിക്കാൻ ഡിജിറ്റൽ സൗകര്യമുണ്ടാകും.