മുതിരപ്പുഴയുടെ തീരസംരക്ഷണത്തിനായി കയർ മാറ്റ് വിരിച്ച് പഞ്ചായത്ത്‌

മൂന്നാർ: പ്രളയത്തിൽ മുതിരപ്പുഴയുടെ തീരങ്ങൾ നശിക്കാതിരിക്കാൻ മൂന്നാർ പഞ്ചായത്തിന്റെ കയർ ഭൂവസ്ത്ര പരീക്ഷണം. കന്നിയാർ, നല്ലതണ്ണിയാർ , മുതിരപ്പുഴ എന്നിവയുടെ ഇരുവശങ്ങളിലുമായാണ് കയർ മാറ്റ് സ്ഥാപിക്കുന്നത്.
കയർ മാറ്റിന് മുകളിൽ രാമച്ചം വച്ചു പിടിപ്പിക്കുന്നതോടെ പദ്ധതി പൂർത്തിയാവും.

രാമച്ചത്തിന്‍റെ വേരുകൾ മണ്ണിൽ ആഴ്ന്നിറങ്ങുന്നതിനാൽ മഴക്കാലത്തുള്ള മണ്ണൊലിപ്പ് പ്രതിരോധിക്കാൻ സാധിക്കും. പെരിയവര ജംഗ്ഷൻ മുതൽ ഹെഡ് വർക്സ് ഡാം വരെയുള്ള പ്രദേശങ്ങളിലാണ് കയർ മാറ്റ് വിരിച്ച് രാമച്ചം നടുന്നത്.4.75 ലക്ഷം രൂപ ചിലവഴിച്ചുള്ള പദ്ധതിയിൽ തൊഴിലുറപ്പ് പ്രവർത്തകരുടെ സേവനവും പ്രയോജനപ്പെടുത്തും.

സംസ്ഥാന സർക്കാരിന്റെ സ്മൂത് ഫ്ലോ പദ്ധതിയുടെ ഭാഗമായി ജലസേചന വകുപ്പ് ആറുമാസം മുൻപ് മുതിരപ്പുഴയിലെ തടസ്സങ്ങൾ നീക്കി ജലത്തിന്‍റെ സ്വാഭാവിക ഒഴുക്ക് പുനഃസ്ഥാപിച്ചു.പുഴയിൽ തടസ്സം സൃഷ്ടിച്ചിരുന്ന മണ്ണ് ഇരുവശത്തേക്കും നീക്കി, മൺതിട്ടക്ക് രൂപം നൽകിയാണ് പദ്ധതിക്ക് തുടക്കമിട്ടത്.കനത്ത മഴയിൽ പുഴയിലേക്ക് മണ്ണ് കുത്തിയൊലിച്ചിറങ്ങുന്നത് തടയുന്നതോടൊപ്പം, തീരപ്രദേശം കൂടുതൽ ആകർഷണമാക്കാനും പദ്ധതി സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.